പൊതുമാപ്പ് പ്രയോജനപ്പെടുത്തി കാത്തിരിക്കുന്നവരെ ഉടന്‍ നാട്ടിലെത്തിക്കണം: ഇന്ത്യന്‍ സോഷ്യല്‍ ഫോറം

Update: 2020-05-14 03:05 GMT

കുവൈത്ത് സിറ്റി: കുവൈത്ത് സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പിന് രജിസ്റ്റര്‍ ചെയ്ത് വിവിധ കേന്ദ്രങ്ങളില്‍ കഴിയുന്ന ഇന്ത്യക്കാരുടെ കാര്യത്തില്‍ ഇടപെട്ട് ഉടന്‍ നാട്ടിലെത്തിക്കാനുള്ള നടപടി ത്വരിതപ്പെടുത്തണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം കുവൈത്ത് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. എല്ലാ നിയമനടപടികളും പൂര്‍ത്തിയാക്കി കുവൈത്ത് സര്‍ക്കാര്‍ യാത്രാ ചെലവുകള്‍ വഹിക്കാമെന്ന് അറിയിച്ചിട്ടും ഇന്ത്യന്‍ അധികൃതരുടെ ഭാഗത്തുനിന്ന് നടപടികള്‍ വൈകുന്നത് ആശങ്കാജനമാണ്. കുവൈത്തില്‍ കൊറോണ വൈറസ് വ്യപകമാവുന്ന സാഹചര്യത്തില്‍ നാട്ടിലേക്കുള്ള വിമാനവും കാത്ത് ഉടുതുണിക്ക് മറു തുണിയില്ലാതെ ഒരു മാസമായി ക്യാംപുകളില്‍ കഴിയുകയാണിവര്‍. മെഡിക്കല്‍ പരിശോധന സൗകര്യങ്ങളോ സാമൂഹിക അകലം പാലിക്കാനുള്ള സാഹചര്യങ്ങളോ ഇല്ലാതെ രോഗികളടക്കമുള്ളവര്‍ ക്യാംപുകളില്‍ ദിവസങ്ങളോളം താമസിക്കുന്നതിനാല്‍ വന്‍ വിപത്തിനുള്ള സാധ്യത കൂടുതലാണ്. ഇത് മനസ്സിലാക്കി ഇവരെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ കൈക്കൊള്ളണമെന്ന് ഇന്ത്യന്‍ എംബസിക്ക് നല്‍കിയ മെമ്മോറാണ്ടത്തില്‍ കേന്ദ്ര സര്‍ക്കാരിനോട് ഇന്ത്യന്‍ സോഷ്യല്‍ ഫോറം സെന്‍ട്രല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.


Tags: