താമസാനുമതി രേഖകള്‍ കൈവശമില്ലാത്തവര്‍ രജിസ്‌ട്രേഷന്‍ ഉടന്‍ നടത്തണം: അംബാസിഡര്‍

എയിംസ് സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങളായ ബാബുജി ബത്തേരി, ഹബീബ് മുറ്റിച്ചൂര്‍, അഡ്വ. ജോണ്‍ തോമസ്, സാം നന്തിയാട്ട്, എന്‍ എസ് ജയന്‍ എന്നിവരോട് കൊവിഡ് കാല പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടയിലാണ് അംബാസിഡര്‍ ഈ നിര്‍ദേശം മുന്നോട്ടുവച്ചത്.

Update: 2020-09-18 09:45 GMT

കുവൈത്ത് സിറ്റി: വ്യത്യസ്തകാരണങ്ങളാല്‍ താമസാനുമതി രേഖകള്‍ നഷ്ടപ്പെട്ടര്‍ എംബസിയുടെ രജിസ്‌ട്രേഷന്‍ ഡ്രൈവില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഇന്ത്യന്‍ അംബാസിഡര്‍ സിബി ജോര്‍ജ് അഭ്യര്‍ഥിച്ചു. എയിംസ് സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങളായ ബാബുജി ബത്തേരി, ഹബീബ് മുറ്റിച്ചൂര്‍, അഡ്വ. ജോണ്‍ തോമസ്, സാം നന്തിയാട്ട്, എന്‍ എസ് ജയന്‍ എന്നിവരോട് കൊവിഡ് കാല പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടയിലാണ് അംബാസിഡര്‍ ഈ നിര്‍ദേശം മുന്നോട്ടുവച്ചത്.

ഇന്ത്യയില്‍നിന്നും തിരികെവരാന്‍ കഴിയാത്തവരും ജോലിതന്നെ നഷ്ടപ്പെട്ടവരുമായ നിരവധി ആളുകള്‍ ഇപ്പോഴും നാട്ടിലുണ്ടെന്നും ഇത്തരക്കാരുടെ കുവൈത്ത് ബാങ്ക് നിക്ഷേപങ്ങള്‍, വാഹനം, കുട്ടികളുടെ ടിസി, ജോലിചെയ്ത കമ്പനികളില്‍നിന്നും ലഭ്യമാവേണ്ട ആനുകൂല്യങ്ങള്‍ എന്നിവ അനിശ്ചിതത്വത്തിലാണെന്ന് എയിംസ് പ്രതിനിധികള്‍ ധരിപ്പിച്ചതിന്റെ വെളിച്ചത്തില്‍ അത്തരക്കാരോടും പേരുവിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ അദ്ദേഹം ആവശ്യപ്പെട്ടു.

സംഘടനകള്‍ പ്രത്യേക താല്‍പര്യമെടുത്ത് ഇത്തരക്കാരെ പരമാവധി രജിസ്റ്റര്‍ ചെയ്യിക്കണം. എംബസി നടത്തുന്ന ഓപണ്‍ ഹൗസ് സാധാരണക്കാരുടെ സൗകര്യാര്‍ഥം ജലീബ്, മെഹബുല്ല, സാല്‍മിയ എന്നീ സ്ഥലങ്ങളില്‍കൂടി ക്രമീകരിക്കണം. തിരികെ നാട്ടിലേക്ക് പോവുന്നവര്‍ക്ക് പുനരധിവാസ അവബോധവും അവര്‍ക്ക് സ്വന്തം നാട്ടിലാരംഭിക്കാന്‍ കഴിയുന്ന സംരംഭങ്ങള്‍ക്ക് വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്ന സ്ഥിരം എംബസി ബിസിനസ് ഗൈഡന്‍സ് സെന്റര്‍ ആരംഭിക്കണം.

ജലീബിലെ ഡ്രെയ്‌നേജ്, പാര്‍ക്കിങ് പ്രശ്‌നങ്ങള്‍ക്ക് സ്ഥായിയായ പരിഹാരം കാണണമെന്നും എയിംസ് പ്രതിനിധികള്‍ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു. പ്രശ്‌നപരിഹാരത്തിന് എംബസി ക്രിയാത്മകമായി ഇടപെടുമെന്ന് അംബാസിഡര്‍ ഉറപ്പുനല്‍കി. വിവിധ ജനകീയ ആവശ്യങ്ങള്‍ അടങ്ങിയ നിവേദനം സമര്‍പ്പിച്ച എയിംസ് പ്രതിനിധി സംഘം, പുതുതായി സ്ഥാനമേറ്റ അംബാസിഡറുടെ ജനപ്രിയപരിപാടികള്‍ക്ക് ആശംസകള്‍ നേര്‍ന്നു.  

Tags: