ഇന്ത്യന്‍ അംബാസിഡര്‍ക്ക് ജിദ്ദ ഇന്ത്യന്‍ സമൂഹം യാത്രയപ്പ് നല്‍കി

കോണ്‍സുലര്‍, പാസ്‌പോര്‍ട്ട്, വിസ, വിദേശ ഇന്ത്യക്കാരുടെ പ്രശ്‌നങ്ങള്‍ എന്നിവ കൈകാര്യം ചെയ്യുന്ന സെക്രട്ടറിയുടെ പൂര്‍ണ ചുമതലയോടുകൂടിയാണ് ഡോ. ഔസാഫ് സഈദിന്റെ മടക്കം.

Update: 2022-03-08 13:30 GMT

ജിദ്ദ: സൗദി അറേബ്യയിലെ ഔദ്യോഗിക കാലാവധി പൂര്‍ത്തിയാക്കി ഉദ്യോഗകയറ്റത്തോടെ ദല്‍ഹി വിദേശ മന്ത്രാലയ ആസ്ഥാനത്തേക്കു മടങ്ങുന്ന ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദിനും ഭാര്യ ഫര്‍ഹ സഈദിനും ജിദ്ദ ഇന്ത്യന്‍ സമൂഹം യാത്രയയപ്പ് നല്‍കി. കോണ്‍സുലര്‍, പാസ്‌പോര്‍ട്ട്, വിസ, വിദേശ ഇന്ത്യക്കാരുടെ പ്രശ്‌നങ്ങള്‍ എന്നിവ കൈകാര്യം ചെയ്യുന്ന സെക്രട്ടറിയുടെ പൂര്‍ണ ചുമതലയോടുകൂടിയാണ് ഡോ. ഔസാഫ് സഈദിന്റെ മടക്കം. റിട്‌സ് കാള്‍ട്ടന്‍ ഹോട്ടലില്‍ ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ നേതൃത്വത്തിലായിരുന്നു യാത്രയയപ്പ് ചടങ്ങ്. വിവിധ രാജ്യങ്ങളിലെ കോണ്‍സല്‍ ജനറല്‍മാരും പത്‌നിമാരും അതിഥികളായി പങ്കെടുത്തു.

സിറാജ് വഹാബ് (അറബ് ന്യൂസ്), രാംനാരായണ അയ്യര്‍, ഹസന്‍ ചെറൂപ്പ (സൗദി ഗസറ്റ്), ആരിഫ് ഖുറൈഷി, പ്രദീപ് ഷര്‍മ, റഫീഖ് മുഹമ്മദലി (ലുലു), മുഹമ്മദ് ആലുങ്ങല്‍, ഡോ. ജംഷീര്‍ അഹമ്മദ് (അല്‍ അബീര്‍ ഗ്രൂപ്പ്), ഡോ. മുഷ്‌കാത് മുഹമ്മദലി (ജെ.എന്‍,എച്ച്) റിയാസ് മുല്ല, റൗഫ് മര്‍വായ്, തഹ്‌സീം വജാഹത്, ഇബ്രാഹിംബാകി, അയ്യൂബ് ഹക്കീം, അദ്‌നാന്‍ സനയ്, ഡോ. ഖാലിദ് മുത്തം, രവികൃഷ്ണന്‍, സലീം കാദിരി, ഡോ. അദാബ് ഖാന്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.

അംബാസഡറോടൊപ്പം ഔദ്യോഗിക കൃത്യനിര്‍വഹണം നടത്താന്‍ കഴിഞ്ഞ അവസരങ്ങള്‍ സൗഭാഗ്യമായാണ് കരുതുന്നതെന്നും ഒട്ടേറെ പഠിക്കാനും പകര്‍ത്താനും ഡോ. ഔസാഫ് സഈദിനൊപ്പമുള്ള ജീവിതംകൊണ്ട് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടൊപ്പം ചെലവഴിക്കാന്‍ കഴിഞ്ഞ നിമിഷങ്ങള്‍ ഒട്ടേറെ സന്തോഷം പകരുന്നതായിരുന്നുവെന്നും കോണ്‍സല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലം പറഞ്ഞു.

ഔസാഫ് സഈദിന്റെ ജീവിതത്തെ ആസ്പദമാക്കി ഓണ്‍ലൈന്‍ ക്വിസ് പരിപായിയും സംഘടിപ്പിച്ചിരുന്നു. തുടര്‍ന്നു നടന്ന സംഗീത നിശയില്‍ വസീം മുഖദ്ദമും സിക്കന്ദറും ഗാനങ്ങള്‍ ആലപിച്ചു. ആസിഫ് ഷീഷാന്‍ അവതാരകനായിരുന്നു. യാത്രയയപ്പിനോടനുബന്ധിച്ച് സൗദി, ഇന്ത്യ, ഈജിപ്ത് ചിത്രകാരന്‍മാരുടെ ചിത്രപ്രദര്‍ശനവും സംഘടിപ്പിച്ചിരുന്നു.

Tags: