മനുഷ്യത്വത്തിന്റെ ശത്രുക്കള്‍ക്കെതിരേ ബോധവല്‍ക്കരണം ശക്തിപ്പെടുത്തുക: ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍

ദൈവികമായ ശ്രേഷ്ഠ ഗുണങ്ങളില്‍ പെട്ട ലജ്ജാശീലം നഷ്ടപ്പെടുമ്പോള്‍ മനുഷ്യന്‍ മൃഗത്തേക്കാള്‍ അധ:പതിക്കുമെന്നും ശമീര്‍ സ്വലാഹി ഉണര്‍ത്തി.

Update: 2022-01-30 14:18 GMT

ജിദ്ദ: സ്ത്രീ പുരുഷ അസമത്വം ഇല്ലാതാക്കുന്നതിന് എന്ന പേരില്‍ ജെന്റര്‍ ന്യൂട്രാലിറ്റിയും മതേതരത്വം സാധ്യമാക്കാനെന്ന പേരില്‍ മതരഹിത വിവാഹങ്ങളും വ്യക്തി സ്വാതന്ത്ര്യം യാഥാര്‍ഥ്യമാക്കാനായി ഉഭയകക്ഷി സമ്മതത്തോടെ ലൈംഗിക ആസ്വാദനവും സമൂഹത്തില്‍ വ്യാപിപ്പിക്കാന്‍ നവ ലിബറല്‍ ആശയങ്ങള്‍ യുവതലമുറയില്‍ പ്രചരിപ്പിക്കുന്നതിനെതിരേ ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജിദ്ദ പ്രബോധകന്‍ ശമീര്‍ സ്വലാഹി ആഹ്വാനം ചെയ്തു.

ശറഫിയ്യയിലെ ഇസ്ലാഹി സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്നു വരുന്ന വാരാന്ത പ്രഭാഷണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദൈവികമായ ശ്രേഷ്ഠ ഗുണങ്ങളില്‍ പെട്ട ലജ്ജാശീലം നഷ്ടപ്പെടുമ്പോള്‍ മനുഷ്യന്‍ മൃഗത്തേക്കാള്‍ അധ:പതിക്കുമെന്നും അദ്ദേഹം ഉണര്‍ത്തി.

തിന്മകള്‍ ചെയ്തു പരസ്യപ്പെടുത്തുന്ന സമൂഹം വ്യാപകമായ നാശങ്ങളും പരീക്ഷണങ്ങളും അനുഭവിക്കേണ്ടിവരും. മക്കളിലും കുടുംബത്തിലും സര്‍വ്വ നാശം വിതയ്ക്കുന്ന അരാജകത്വ പ്രവണതകളെ സര്‍വ്വ ശക്തിയോടെയും എതിര്‍ക്കേണ്ടത് വിശ്വാസി സമൂഹത്തിന്റെ ബാധ്യതയാണ്.

പാശ്ചാത്യ സമൂഹത്തില്‍ ദീര്‍ഘകാലം നിലനിന്ന പല പ്രവണതകള്‍ക്കുമെതിരില്‍ വ്യാപകമായ പ്രത്യാഘാതങ്ങള്‍ തിരിച്ചറിഞ്ഞ് നിയമ നിര്‍മ്മാണങ്ങള്‍ വരെ നടത്തുമ്പോള്‍ നമ്മുടെ സമൂഹത്തില്‍ അതിന്റെ വ്യാപനത്തിനായി നവ ലിബറല്‍ വാദികള്‍ കൊണ്ടു പിടിച്ചു ശ്രമിക്കുകയാണ്.

ഇതിനെതിരേ ഇസ്‌ലാമിക സംസ്‌കാരത്തിന്റെ മഹിതമായ നിയമങ്ങള്‍ മാത്രമേ ബദല്‍ ആകുകയുള്ളൂ- അദ്ദേഹം അഭിപ്രായപ്പെട്ടു.

Tags: