കുവൈത്തിലെ പുരാതന മാര്‍ക്കറ്റായ സൂഖ് മുബാറക്കിയയില്‍ വന്‍ തീപ്പിടിത്തം; 25 കടകള്‍ കത്തിനശിച്ചു, 14 പേര്‍ക്ക് പരിക്ക്

Update: 2022-04-01 01:22 GMT

കുവൈത്ത് സിറ്റി: കുവൈത്തിലെ പുരാതന മാര്‍ക്കറ്റായ സൂഖ് മുബാറക്കിയയില്‍ വന്‍ തീപ്പിടിത്തമുണ്ടായി. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3:30 ഓടെയാണ് അപകടമുണ്ടായത്. 25 ഓളം കടകള്‍ കത്തിനശിച്ചു. അപകടത്തില്‍ 14 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 9 പേരെ പ്രാഥമിക ശുശ്രൂഷ നല്‍കി വിട്ടയച്ചു. നാലുപേരെ അമീരി ആശുപത്രിയിലേക്കും ഒരാളെ അല്‍ ബാബ്‌തൈന്‍ കേന്ദ്രത്തിലേക്കും മാറ്റി. തുടക്കത്തില്‍തന്നെ 20 കടകളിലേക്ക് തീ പടര്‍രുകയായിരുന്നു. കോടികളുടെ നഷ്ടമാണുണ്ടായതെന്നാണ് റിപോര്‍ട്ട്. അഗ്‌നിശമന വിഭാഗം മണിക്കൂറുകള്‍ കഠിന പ്രയത്‌നം നടത്തിയാണ് സ്ഥിതി നിയന്ത്രിച്ചത്.


 എട്ട് കേന്ദ്രങ്ങളില്‍ നിന്നുള്ള അഗ്‌നിശമന യൂനിറ്റുകള്‍ രക്ഷാപ്രവര്‍ത്തനം നടത്തിയതായി കുവൈത്ത് ഫയര്‍ഫോഴ്‌സ് അറിയിച്ചു. അതേസമയം, മാര്‍ക്കറ്റിലെ തിരക്ക് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. ഫയര്‍ഫോഴ്‌സിന്റെയും എമര്‍ജന്‍സി ടീമുകളുടെയും ചുമതല സുഗമമാക്കാന്‍ മുബാറക്കിയ മാര്‍ക്കറ്റ് ഭാഗത്തും അവിടേക്കുള്ള റോഡുകളിലും ഒത്തുകൂടരുതെന്ന് ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍ സെന്ററും ഫയര്‍ഫോഴ്‌സും സ്വദേശികളോടും പ്രവാസികളോടും അഭ്യര്‍ഥിച്ചു. സ്ഥിതിഗതികളെല്ലാം സാധാരണഗതിയിലായെന്ന് മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അല്‍ സനദ് പറഞ്ഞു.

Tags: