സോഷ്യല്‍ ഫോറം തുണയായി; അബ്ദുല്‍ സലാം നാടണഞ്ഞു

Update: 2022-06-12 07:56 GMT

ജിദ്ദ: ഡ്രൈവര്‍ വിസയില്‍ ജോലിക്കെത്തിയ ഗൂഡല്ലൂര്‍ സ്വദേശി അബ്ദുല്‍ സലാം ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഇടപെടലിലൂടെ നാടണഞ്ഞു. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് മാന്‍ പവര്‍ കമ്പനിയുടെ ഡ്രൈവര്‍ വിസയില്‍ അബ്ദുല്‍ സലാം നാട്ടില്‍ നിന്ന് ജിദ്ദയിലെത്തുന്നത്. വാഹനം ഓടിക്കാന്‍ ലൈസന്‍സ് ലഭിക്കുന്നതിനു മുമ്പ് തന്നെ അദ്ദേഹത്തെ തായിഫിലുള്ള മറ്റൊരു കമ്പനിയിലേക്ക് മാന്‍പവര്‍ കമ്പനി ഡ്രൈവറായി അയച്ചു.

എന്നാല്‍, അബ്ദുല്‍ സലാം ലൈസന്‍സില്ലാതെ ഈ ജോലി ഏറ്റെടുക്കാന്‍ തയ്യാറല്ലായിരുന്നു. തുടര്‍ന്ന് കമ്പനി അധികൃതര്‍ അദ്ദേഹത്തിനുള്ള ശമ്പളവും മറ്റ് ആനുകൂല്യങ്ങളും തടയുകയും ലൈസന്‍സ് എടുക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കാനും തയ്യാറായില്ല. അബ്ദുല്‍ സലാമിന്റെ പ്രയാസങ്ങള്‍ മനസ്സിലാക്കി തായിഫിലുള്ള ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകന്‍ ഷബീബ് വിഷയത്തില്‍ ഇടപെടുകയും സ്‌പോണ്‍സര്‍ ജിദ്ദയിലായതിനാല്‍ സോഷ്യല്‍ ഫോറം ജിദ്ദ കേരള സ്‌റ്റേറ്റ് സെക്രട്ടറി ഫൈസല്‍ തമ്പാറയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തു.

തുടര്‍ന്ന് സോഷ്യല്‍ ഫോറം ഷറഫിയ ബ്ലോക്ക് പ്രസിഡന്റ് ഷിബു ഗൂഡല്ലൂരിന്റെ സഹായത്തോടെ അബ്ദുല്‍ സലാമിന്റെ സ്‌പോണ്‍സറുമായി സംസാരിച്ചു. അദ്ദേഹത്തിന്റെ ജോലി സംബന്ധമായ പ്രശ്‌നങ്ങള്‍ ബോധ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ അബ്ദുല്‍ സലാമിന് എക്‌സിറ്റ് നല്‍കാന്‍ സ്‌പോണ്‍സര്‍ തയ്യാറായി. സോഷ്യല്‍ ഫോറം പ്രവര്‍ത്തകരുടെ സഹായത്താല്‍ യാത്രാരേഖകള്‍ ശരിയാക്കുകയും കഴിഞ്ഞ ദിവസം ജിദ്ദയിലെ കിങ് അബ്ദുല്‍ അസീസ് എയര്‍പോര്‍ട്ടില്‍ നിന്ന് അദ്ദേഹത്തെ നാട്ടിലേക്ക് യാത്രയാക്കുകയും ചെയ്തു.

Tags:    

Similar News