അരയ്ക്കുതാഴെ ചലനമറ്റ യുവാവ് നാടണയാന്‍ സഹായവും കാത്ത് ആശുപത്രിയില്‍; സാന്ത്വനവുമായി സോഷ്യല്‍ ഫോറം പ്രവര്‍ത്തകര്‍

Update: 2020-11-24 09:31 GMT

ദമ്മാം: ജോലിസ്ഥലത്തുണ്ടായ അപകടത്തെത്തുടര്‍ന്ന് അരയ്ക്കുതാഴെ ചലനമറ്റ മലയാളി യുവാവ് നാടണയാന്‍ സഹായവും കാത്ത് ആശുപത്രിയില്‍. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി ഐദാന്‍ ആണ് ഒരുവര്‍ഷമായി ദമ്മാമിലെ മുവാസാത് ആശുപത്രിയില്‍ കഴിയുന്നത്. കഴിഞ്ഞവര്‍ഷമാണ് ദമ്മാമിലെ ഒരു സ്വകാര്യകമ്പനിയില്‍ ജോലിചെയ്തുവരികയായിരുന്ന ഐദാനു ജോലിസ്ഥലത്തുവച്ച് അപകടം സംഭവിക്കുന്നത്. വലിയ ഭാരമുള്ള ഒരു യന്ത്രഭാഗം ശരീരത്തില്‍ പതിക്കുകയും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഐദാന്റെ കമ്പനി ഇടപെട്ട് വിദഗ്ധചികിത്സ ലഭ്യമാക്കിയെങ്കിലും അരയ്ക്കുതാഴേയ്ക്ക് ചലനശേഷി നഷ്ടപ്പെടുകയായിരുന്നു. തുടര്‍ന്ന് കമ്പനിയും ഇന്ത്യന്‍ എംബസിയും ഇടപെട്ട് നാട്ടില്‍ പോവുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിരുന്നെങ്കിലും ഇതിനിടയില്‍ കൊവിഡ് പിടിപെടുകയും ചെയ്തതോടെ നാട്ടിലേയ്ക്ക് പോവാന്‍ കഴിയാതെയായി. ഇപ്പോള്‍ കൊവിഡ് ഭേദമായ സ്ഥിതിക്ക് വിമാനത്തില്‍ ഐദാന് വേണ്ട മെഡിക്കല്‍ സൗകര്യങ്ങളൊരുക്കിയാല്‍ നാട്ടിലേയ്ക്ക് പോവുന്നതിനു തടസ്സമില്ലെന്ന് ചികില്‍സിക്കുന്ന ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് മാതാപിതാക്കളെ നഷ്ടപ്പെട്ട ഐദാന് നാട്ടിലോ ദമ്മാമിലോ ഉറ്റബന്ധുക്കളായി ആരുംതന്നെ ഇല്ല. ഐദാന്റെ യാത്രയ്ക്ക് വേണ്ട സൗകര്യങ്ങളൊരുക്കാനുള്ള ശ്രമങ്ങള്‍ എംബസിയും കമ്പനിയും നടത്തി വരികയാണെന്ന് ആശുപത്രിയില്‍ സന്ദര്‍ശിച്ച ഇന്ത്യന്‍ സോഷ്യല്‍ ഫോറം ടൊയോട്ട ബ്ലോക്ക് പ്രസിഡന്റ് അന്‍ഷാദ് ആലപ്പുഴ, ജനറല്‍ സെക്രട്ടറി ഷജീര്‍ തിരുവനന്തപുരം, നിഷാദ് നിലമ്പൂര്‍ എന്നിവര്‍ അറിയിച്ചു.

Tags: