കൊവിഡ് 19: സൗദിയിലെ മുഴുവന്‍ ഷോപ്പിങ് മാളുകളും കോംപ്ലക്‌സുകളും അടച്ചിടുന്നു; സൂപ്പര്‍ മാര്‍ക്കറ്റുകളും ഫാര്‍മസികളും തുറന്നു പ്രവര്‍ത്തിക്കും

.വിവിധ ഷോപ്പിങ് കോംപ്ലക്‌സുകള്‍ക്കും സൂക്കുകള്‍ക്കും ഉത്തരവ് ബാധകമാണ്.

Update: 2020-03-15 17:44 GMT

റിയാദ്: കൊവിഡ് 19 പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ സൗദി അറേബ്യയില്‍ മുഴുവന്‍ ഷോപ്പിങ് മാളുകളും അടക്കാന്‍ അധികൃതര്‍ ഉത്തരവിട്ടു. ഓരോ പ്രവിശ്യയിലേയും മേഖലയിലേയും മുനിസിപ്പാലിറ്റി വിഭാഗവും ഈ ഉത്തരവ് നടപ്പാക്കി തുടങ്ങി. അതേസമയം, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്കും ഫാര്‍മസികള്‍ക്കും മാളുകള്‍ക്കകത്തും പുറത്തും പതിവു പോലെ പ്രവര്‍ത്തിക്കാം.വിവിധ ഷോപ്പിങ് കോംപ്ലക്‌സുകള്‍ക്കും സൂക്കുകള്‍ക്കും ഉത്തരവ് ബാധകമാണ്.

കൂടാതെ, ഭക്ഷണ ശാലകളില്‍ നിന്നും ഇനി മുതല്‍ പാര്‍സലുകള്‍ മാത്രമേ അനുവദിക്കുളളുവെന്നും ഉത്തരവില്‍ പറയുന്നു. ഹോട്ടലുകള്‍, കഫേകള്‍, കഫ്റ്റീരിയ എന്നിവിടങ്ങളില്‍ കൂട്ടം കൂടി നില്‍ക്കുന്നതും തമ്പടിക്കുന്നതും ഒഴിവാക്കാന്‍ പാര്‍സല്‍ സംവിധാനമാണ് മുനിസിപ്പാലിറ്റി ഉത്തരവില്‍ പറയുന്നത്. ഓരോ മേഖലയിലും ഉത്തരവ് ഉടന്‍ നടപ്പാക്കാനാണ് തീരുമാനം. വിവിധ സൂക്കുകളിലും ഉത്തരവ് പ്രാബല്യത്തിലായി തുടങ്ങി.

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഘട്ടം ഘട്ടമായാണ് സൗദിയില്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നത്.ഓരോ പ്രവിശ്യയിലും പ്രതിരോധ നടപടി മുനിസിപ്പാലിറ്റിയാണ് തീരുമാനിക്കുക. ഇതിനാല്‍ തന്നെ ഓരോ മേഖലയിലും വ്യത്യസ്ത രീതിയിലാകും തീരുമാനം നടപ്പിലാവുക.ഭക്ഷ്യ വസ്തുക്കള്‍ ലഭ്യമാകുന്ന സൂപ്പര്‍മാര്‍ക്കറ്റുകള്‍ നഗരങ്ങളിലും, ചെറു കടകള്‍ക്ക് ഗ്രാമങ്ങളിലും തുറക്കാം. ഏതൊക്കെ തുറക്കാമെന്ന് മുനിസിപ്പാലിറ്റി അതത് മേഖലയില്‍ അറിയിക്കുന്നുണ്ട്.

അതേസമയം, ഭക്ഷ്യ വസ്തുക്കള്‍ക്ക് വിപണിയില്‍ ഒരിക്കലും ക്ഷാമമുണ്ടാകില്ല. ഒപ്പം കാര്‍ഗോ വിമാനങ്ങളും കപ്പലുകളും കൂടുതല്‍ അനുവദിച്ചതിച്ചതിനാല്‍ വിപണിയിലും ഇത് പ്രതിഫലിക്കില്ല.

Tags:    

Similar News