ഷാര്‍ജയില്‍ വാഹനാപകട മരണം കുത്തനെ കുറഞ്ഞു

കഴിഞ്ഞ വര്‍ഷം 83 പേര്‍ മാത്രമാണ് വാഹനാപകടങ്ങളില്‍ മരണപ്പെട്ടത്. 2017 ല്‍ ഇത് 105 പേരായിരുന്നു. റോഡ് സുരക്ഷയെക്കുറിച്ചുള്ള ഷാര്‍ജ പോലിസിന്റെ ബോധവല്‍ക്കരണവും പെട്രോളിങ് ശക്തമാക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് കൂടുതല്‍ മനുഷ്യജീവനുകള്‍ രക്ഷിക്കാനായത്. ഷാര്‍ജയിലുണ്ടായ മൊത്തം അപകടമരണങ്ങളിലും കാര്യമായ കുറവുവന്നിട്ടുണ്ട്.

Update: 2019-03-05 16:26 GMT

ഷാര്‍ജ: വാഹനാപകടങ്ങളില്‍ മരണപ്പെടുന്നവരുടെ എണ്ണത്തില്‍ ഷാര്‍ജയില്‍ 20 ശതമാനം കുറവ്. കഴിഞ്ഞ വര്‍ഷം 83 പേര്‍ മാത്രമാണ് വാഹനാപകടങ്ങളില്‍ മരണപ്പെട്ടത്. 2017 ല്‍ ഇത് 105 പേരായിരുന്നു. റോഡ് സുരക്ഷയെക്കുറിച്ചുള്ള ഷാര്‍ജ പോലിസിന്റെ ബോധവല്‍ക്കരണവും പെട്രോളിങ് ശക്തമാക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് കൂടുതല്‍ മനുഷ്യജീവനുകള്‍ രക്ഷിക്കാനായത്. ഷാര്‍ജയിലുണ്ടായ മൊത്തം അപകടമരണങ്ങളിലും കാര്യമായ കുറവുവന്നിട്ടുണ്ട്.

2017 ല്‍ 515 പേര്‍ മരണപ്പെട്ടപ്പോള്‍ കഴിഞ്ഞവര്‍ഷം 445 പേരാണ് മരിച്ചത്. ഷാര്‍ജ പോലിസ് ക്ലബ്ബില്‍ നടന്ന വാര്‍ഷിക വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഏറ്റവും കൂടുതല്‍ അപകടമുണ്ടാവുന്ന മലീഹ റോഡില്‍ കഴിഞ്ഞ വര്‍ഷം ഏഴുപേര്‍ മാത്രമാണ് മരണപ്പെട്ടത്- 2017 ല്‍ ഇത് ഇരട്ടിയായിരുന്നു. കഴിഞ്ഞ വര്‍ഷം 14 ലക്ഷം നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. മുന്‍വര്‍ഷത്തില്‍ ഇത് 16 ലക്ഷമായിരുന്നു. പിഴ ഈടാക്കുന്നത് സാമ്പത്തിക നേട്ടത്തിനല്ലെന്നും ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ അപകടങ്ങള്‍ കുറയ്ക്കുക എന്ന ലക്ഷ്യം മാത്രമാണ് പോലിസിനുള്ളതെന്ന് ഷാര്‍ജ പോലിസ് മേധാവി മേജര്‍ ജനറല്‍ സൈഫ് അല്‍ സാരി അല്‍ ഷംസി പറഞ്ഞു. എന്തപകടമുണ്ടായാലും 11 മിനിറ്റിനുള്ളില്‍ നടപടി സ്വീകരിക്കണമെന്നാണ് യുഎഇ അഭ്യന്തര മന്ത്രാലയം നല്‍കിയിരിക്കുന്ന നിര്‍ദേശം. കഴിഞ്ഞ വര്‍ഷം ശരാശരി 9.6 മിനിറ്റിനുള്ളില്‍ ഷാര്‍ജ പോലിസിന് നടപടി സ്വീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. എമര്‍ജന്‍സി കോള്‍ സെന്ററുകളില്‍ അറബി, ഇംഗ്ലീഷ്, ഉറുദു എന്നീ ഭാഷകളാണ് ഉപയോഗിക്കുന്നത്.

ഏറ്റവും നൂതനമായ സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നത് കാരണം പെട്ടെന്ന് ജനങ്ങളെ സഹായിക്കാന്‍ കഴിയുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഷാര്‍ജ പോലിസ് ഉപ മേധാവി ബ്രിഗേഡിയര്‍ ജനറല്‍ അബ്ദുല്ല മുബാറഖ് ബിന്‍ ആമിര്‍, പോലിസ് ഓപറേഷന്‍ വിഭാഗം മേധാവി ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് റാഷിദ് ബയാത്, റിസോഴ്‌സ് ആന്റ് സപ്പോര്‍ട്ടിങ് സര്‍വീസ് വിഭാഗം മേധാവി ബ്രിഗേഡിയര്‍ ഖലീഫ അല്‍മറി, മീഡിയ ആന്റ് പബ്ലിക്ക് റിലേഷന്‍ വിഭാഗം മേധാവി ബ്രിഗേഡിയര്‍ ആരിഫ് ബിന്‍ ഹൊദൈബ്, സെന്‍ട്രല്‍ ഓപറേഷന്‍ ഡയറക്ടര്‍ കേണല്‍ ഡോ. അഹമ്മദ് അല്‍ സയിദ് അല്‍ നൂര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.




Tags:    

Similar News