റിയാദ്: സൗദി അറേബ്യയില്‍ ഇന്ധന വിലയില്‍ മാറ്റം പ്രഖ്യാപിച്ച് ദേശീയ എണ്ണക്കമ്പനിയായ അരാംകോ. ഏപ്രില്‍ മാസത്തേക്കുള്ള പുതുക്കിയ നിരക്കില്‍ ഒക്ടേന്‍ 98 (ബെന്‍സിന്‍ 98) പെട്രോളിന് വന്‍ വിലവര്‍ധന രേഖപ്പെടുത്തി. മുന്‍പ് ലിറ്ററിന് 2.94 റിയാല്‍ ആയിരുന്ന ഒക്ടേന്‍ 98 പെട്രോളിന് ഇനി 3.83 റിയാല്‍ നല്‍കേണ്ടിവരും. അതേസമയം, രാജ്യത്ത് സാധാരണ ഉപയോഗിക്കുന്ന മറ്റ് ഇന്ധനങ്ങളുടെ വിലയില്‍ മാറ്റമില്ലെന്നത് ഉപഭോക്താക്കള്‍ക്ക് ആശ്വാസമായി. ബെന്‍സിന്‍ 91 ലിറ്ററിന് 2.18 റിയാല്‍, ബെന്‍സിന്‍ 95 ലിറ്ററിന് 2.33 റിയാല്‍ എന്ന നിലയില്‍ തുടരും. ഡീസല്‍ ലിറ്ററിന് 1.79 റിയാലും മണ്ണെണ്ണ 1.59 റിയാലുമായി നിലവിലെ നിരക്കുകള്‍ തുടരുന്നു.
വിവിധ വാഹനങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിച്ച് ബെന്‍സിന്‍ 91, 95, 98 എന്നീ ഇന്ധനങ്ങള്‍ വിപണിയില്‍ ലഭ്യമാണെന്ന് കമ്പനി അറിയിച്ചു. പ്രത്യേകിച്ച് ട്രക്കുകള്‍ക്കും വലിയ വാഹനങ്ങള്‍ക്കുമായി ഉയര്‍ന്ന നിലവാരത്തിലുള്ള ഡീസല്‍ വിതരണം ഉറപ്പാക്കിയിട്ടുണ്ടെന്നും വ്യക്തമാക്കി.
ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ഓപ്ഷനുകള്‍ നല്‍കുന്നതിനായി ഈ വര്‍ഷം ജനുവരിയിലാണ് ഒക്ടേന്‍ 98 വിപണിയില്‍ അവതരിപ്പിച്ചത്. നിലവിലുള്ള ഉല്‍പ്പന്നങ്ങളെ ബാധിക്കാതെ ഇന്ധന വിപണിയില്‍ വൈവിധ്യം കൊണ്ടുവരിക എന്നതാണ് ഇതിന്റെ ലക്ഷ്യം. നിലവില്‍ ഹൈ പെര്‍ഫോമന്‍സ് വാഹനങ്ങള്‍ കൂടുതലുള്ള റിയാദ്, ജിദ്ദ, ദമ്മാം നഗരങ്ങളിലും പ്രധാന പാതകളിലുമാണ് ഒക്ടേന്‍ 98 ലഭ്യമാക്കിയത്. വരും ദിവസങ്ങളില്‍ ആവശ്യകത അനുസരിച്ച് വിതരണം മറ്റു നഗരങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
