യൂസഫലി ഇടപെട്ടു; തുഷാര്‍ വെള്ളാപ്പള്ളിക്ക് ജാമ്യം

അജ്മാന്‍ കോടതിയില്‍ ജാമ്യത്തുക കെട്ടിവച്ചതോടെയാണ് തുഷാറിന് ജാമ്യം ലഭിച്ചത്. കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. തുഷാറിന്റെ പാസ്‌പോര്‍ട്ട് പിടിച്ചുവച്ചിരിക്കുകയാണ്. മലയാളി വ്യവസായി എം എ യൂസഫലിയുടെ ഇടപെടലാണ് തുഷാറിന് വേഗം ജാമ്യം ലഭിക്കാനിടയാക്കിയത്.

Update: 2019-08-22 10:00 GMT

ദുബയ്: ചെക്ക് കേസില്‍ ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിക്ക് ജാമ്യം. അജ്മാന്‍ കോടതിയില്‍ ജാമ്യത്തുക കെട്ടിവച്ചതോടെയാണ് തുഷാറിന് ജാമ്യം ലഭിച്ചത്. കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. തുഷാറിന്റെ പാസ്‌പോര്‍ട്ട് പിടിച്ചുവച്ചിരിക്കുകയാണ്. മലയാളി വ്യവസായി എം എ യൂസഫലിയുടെ ഇടപെടലാണ് തുഷാറിന് വേഗം ജാമ്യം ലഭിക്കാനിടയാക്കിയത്. യൂസഫലിയുടെ അഭിഭാഷകനാണ് തുഷാറിനായി കോടതിയില്‍ ഹാജരായത്.

ജാമ്യത്തുകയും യൂസഫലി തന്നെ കെട്ടിവച്ചു. ഒന്നരദിവസം ജയിലില്‍ കിടന്നശേഷമാണ് തുഷാര്‍ വെള്ളാപ്പള്ളി പുറത്തിറങ്ങുന്നത്. 10 മില്യന്‍ യുഎഇ ദിര്‍ഹത്തിന്റെ വണ്ടിച്ചെക്ക് കേസുമായി ബന്ധപ്പെട്ടു തൃശൂര്‍ സ്വദേശി നല്‍കിയ പരാതിയിലാണ് തുഷാറിനെ അറസ്റ്റുചെയ്തത്. അജ്മാനില്‍ വെള്ളാപ്പള്ളി നടേശന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ബോയിങ് കണ്‍സ്ട്രക്ഷന്‍ എന്ന കമ്പനിയുടെ സബ് കോണ്‍ട്രാക്ടറായിരുന്ന തൃശൂര്‍ സ്വദേശി നാസില്‍ അബ്ദുല്ല നാലുദിവസം മുമ്പാണ് തുഷാറിനെതിരേ പോലിസില്‍ പരാതി നല്‍കിയത്. 10 വര്‍ഷം മുമ്പ് നടന്ന സംഭവമാണ് ഇപ്പോള്‍ അറസ്റ്റിലേക്ക് നയിച്ചത്.

ഒത്തുതീര്‍പ്പിനെന്ന പേരില്‍ അജ്മാനിലേക്ക് തുഷാറിനെ വിളിച്ചുവരുത്തിയായിരുന്നു അറസ്റ്റ്. തുഷാര്‍ വെള്ളാപ്പള്ളിക്കായി മുഖ്യമന്ത്രി പിണറായി വിജയനും ഇടപെട്ടിരുന്നു. കസ്റ്റഡിയിലുള്ള തുഷാറിന്റെ ആരോഗ്യനിലയില്‍ ആശങ്കയുണ്ടെന്നും നിയമപരിധിയില്‍നിന്നുകൊണ്ടുള്ള സാധ്യമായ സഹായങ്ങള്‍ ചെയ്യണമെന്നുമാവശ്യപ്പെട്ടാണ് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് മുഖ്യമന്ത്രി കത്തയച്ചത്. തുഷാറിനെ മോചിപ്പിക്കാന്‍ ഇടപെടണമെന്ന് വ്യക്തിപരമായ നിലയിലും അഭ്യര്‍ഥിക്കുന്നതായി പിണറായി കത്തില്‍ വ്യക്തമാക്കിയിരുന്നു.  

Tags:    

Similar News