കുവൈത്തില്‍ റോബോട്ടിക് ഓര്‍ത്തോപീഡിക് ശസ്ത്രക്രിയയില്‍ നിര്‍ണായക മുന്നേറ്റം; 200ലധികം ശസ്ത്രക്രിയകള്‍ പൂര്‍ത്തിയായി
കുവൈത്ത് സിറ്റി: റോബോട്ടിക് ഓര്‍ത്തോപീഡിക് ശസ്ത്രക്രിയ മേഖലയില്‍ കുവൈത്ത് ശ്രദ്ധേയമായ നേട്ടം കൈവരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ 200ലധികം റോബോട്ടിക് ഓര്‍ത്തോപീഡിക് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതായി ആരോഗ്യ മന്ത്രാലയം അണ്ടര്‍സെക്രട്ടറി ഡോ. അബ്ദുള്ള അല്‍ ഫാരെസ് വ്യക്തമാക്കി. നാലാമത് വാര്‍ഷിക ഓര്‍ത്തോപീഡിക് സര്‍ജറി കോണ്‍ഫറന്‍സിന്റെ ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. റോബോട്ടിക് ശസ്ത്രക്രിയയില്‍ ഡോക്ടര്‍മാര്‍ക്കായി പ്രാദേശികതല പരിശീലന പരിപാടികള്‍ ആരംഭിച്ചതായും, ഓര്‍ത്തോപീഡിക് സര്‍ജന്മാര്‍ക്കുള്ള പരിശീലന കേന്ദ്രങ്ങള്‍ അഞ്ചായി വര്‍ധിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
രാജ്യത്തെ എല്ലാ ആശുപത്രികളിലേക്കും റോബോട്ടിക് സര്‍ജറി സാങ്കേതികവിദ്യ വ്യാപിപ്പിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. മൂന്നു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ 55ലധികം ശാസ്ത്രീയ പ്രഭാഷണങ്ങളും ശസ്ത്രക്രിയാ പരിശീലന വര്‍ക്ക്‌ഷോപ്പുകളും സംഘടിപ്പിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.