ആകാശത്തും റോഡിലും മാറ്റം: ദുബയില്‍ പറക്കും ടാക്‌സിയും ഡ്രൈവറില്ലാ വാഹനങ്ങളും

Update: 2026-01-18 09:26 GMT

ദുബയ്: പറക്കും ടാക്‌സി സേവനങ്ങള്‍ ഈ വര്‍ഷം അവസാനത്തോടെ വാണിജ്യാടിസ്ഥാനത്തില്‍ ആരംഭിക്കുമെന്ന് ദുബയ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) ഡയറക്ടര്‍ ജനറല്‍ മാത്തര്‍ അല്‍ തായര്‍ അറിയിച്ചു. പറക്കും ടാക്‌സികള്‍ക്കായി നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ നിര്‍മിക്കുന്ന പ്രത്യേക സ്‌കൈപോര്‍ട്ടുകളും അനുബന്ധ അടിസ്ഥാന സൗകര്യങ്ങളുടെയും നിര്‍മാണം വര്‍ഷാവസാനത്തോടെ പൂര്‍ത്തിയാക്കും. ഡ്രൈവറില്ലാത്ത ടാക്‌സികള്‍ ഈ വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ തന്നെ ദുബയിലെ റോഡുകളില്‍ സര്‍വീസ് ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ലോക സര്‍ക്കാര്‍ ഉച്ചകോടിയില്‍ സംസാരിക്കവെയാണ് ഗതാഗത രംഗത്തെ നിര്‍ണായക പ്രഖ്യാപനങ്ങള്‍ നടത്തിയത്. നഗരത്തിനുള്ളിലെ യാത്ര ഗതാഗതക്കുരുക്കില്ലാതെ വേഗത്തിലാക്കുന്നതില്‍ പറക്കും ടാക്‌സികള്‍ നിര്‍ണായക പങ്കുവഹിക്കുമെന്ന് അല്‍ തായര്‍ പറഞ്ഞു. ആശയ ഘട്ടം പിന്നിട്ട് പദ്ധതി പ്രായോഗിക നടപ്പാക്കലിലേക്ക് എത്തിയിട്ടുണ്ടെന്നും, ആഗോള വിദഗ്ധരുടെ സഹായത്തോടെ കുറ്റമറ്റ രീതിയില്‍ പദ്ധതിയുടെ വികസനം പൂര്‍ത്തിയാക്കിയതായും അദ്ദേഹം വ്യക്തമാക്കി.

ഡ്രൈവറില്ലാ ടാക്‌സി പദ്ധതിക്കായി ആവശ്യമായ കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്റര്‍ ഇതിനകം സജ്ജമാണെന്ന് ആര്‍ടിഎ അറിയിച്ചു. ദുബയ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദേശപ്രകാരം അതിവേഗത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ചൈനീസ് സാങ്കേതിക ഭീമനായ ബൈഡു ഉള്‍പ്പെടെയുള്ള ആഗോള പങ്കാളികളുമായി സഹകരിച്ചാണ് പദ്ധതി പൂര്‍ത്തിയാക്കുന്നത്. ഓഫീസുകള്‍, മെട്രോ സ്‌റ്റേഷനുകള്‍, താമസ മേഖലകള്‍ എന്നിവ തമ്മിലുള്ള 'ഫസ്റ്റ് ആന്‍ഡ് ലാസ്റ്റ് മൈല്‍' കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതില്‍ ആര്‍ടിഎ പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ടെന്നും അല്‍ തായര്‍ പറഞ്ഞു. ശക്തമായ അടിസ്ഥാന സൗകര്യങ്ങളാണ് നിക്ഷേപ ആകര്‍ഷണത്തിനും ദീര്‍ഘകാല സാമ്പത്തിക വളര്‍ച്ചക്കും അടിസ്ഥാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പറക്കും ടാക്‌സിയുടെ പരീക്ഷണ പറക്കലുകള്‍ നേരത്തേ വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്. പൈലറ്റോടെയുള്ള ആദ്യ പറക്കും ടാക്‌സി മാര്‍ഗാമില്‍ നിന്നു നവംബറില്‍ പറന്നുയര്‍ന്ന് ദുബയ് അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തിരുന്നു. പൂര്‍ണമായും ഇലക്ട്രിക് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ടാക്‌സി പരിസ്ഥിതി സൗഹൃദവും സുരക്ഷ, വേഗം, സൗകര്യം എന്നിവയില്‍ മികവുറ്റതുമാണെന്ന് ആര്‍ടിഎ വ്യക്തമാക്കി. ഏറ്റവും പുതിയ ആഗോള സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പറക്കും ടാക്‌സികള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ആറു പ്രൊപ്പല്ലറുകളും നാലു സ്വതന്ത്ര ബാറ്ററി പാക്കുകളും ഉള്‍പ്പെടുന്ന ടാക്‌സിക്ക് മണിക്കൂറില്‍ 160 മുതല്‍ 320 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാനാകും. പൈലറ്റിനൊപ്പം നാലു യാത്രക്കാര്‍ക്ക് സഞ്ചരിക്കാവുന്ന രീതിയിലാണ് വിമാനത്തിന്റെ രൂപകല്‍പ്പന.

Tags: