റമദാന്‍ ടോക്ക് ഓണ്‍ലൈന്‍ സംഗമം

Update: 2020-05-10 19:07 GMT

ജിദ്ദ: ഗുഡ്‌വില്‍ ഗ്ലോബല്‍ ഇനീഷ്യേറ്റീവ്(ജിജിഐ) സംഘടിപ്പിച്ച റമദാന്‍ ടോക്ക് രണ്ടാം സെഷന്‍ ഓണ്‍ലൈന്‍ സംഗമം നടത്തി. ആഗോളതലത്തില്‍ കൊവിഡ് 19 മഹാമാരി ഉയര്‍ത്തിയ വെല്ലുവിളികളില്‍നിന്ന് ഗുണപാഠമുള്‍ക്കൊണ്ട് മാനവികതയിലും വിവേകത്തിലുമൂന്നിയ പുതിയൊരു ലോകക്രമം സാധ്യമാക്കണമെന്ന് മാധ്യമം-മീഡിയാവണ്‍ ഗ്രൂപ്പ് എഡിറ്റര്‍ ഒ അബ്ദുര്‍റഹ്മാന്‍ പറഞ്ഞു. ധൂര്‍ത്തും ദുര്‍വ്യയവും നിര്‍ത്തി ജീവിതശൈലിയില്‍ കാതലായ മാറ്റംവരുത്തി സാമ്പത്തിക അച്ചടക്കം പാലിക്കുകയും നാളേയ്ക്കുവേണ്ടി കരുതലോടെ ചെലവിടുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു. 'വിവേകം പരിചയാകേണ്ട പരീക്ഷണകാലം' എന്ന വിഷയത്തിലാണ് സംഗമം നടത്തിയത്.

    ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി 200ഓളം പേര്‍ സംബന്ധിച്ച സൂം സെഷനില്‍ ജിജിഐ പ്രസിഡന്റ് ഡോ. ഇസ്മായില്‍ മരിതേരി മോഡറേറ്ററായിരുന്നു. ജനറല്‍ സെക്രട്ടറി ഹസന്‍ ചെറൂപ്പ, ഖജാഞ്ചി ഹസന്‍ സിദ്ദീഖ് ബാബു, ജിജിഐ രക്ഷാധികാരി ആലുങ്ങല്‍ മുഹമ്മദ്, സലീം മുല്ലവീട്ടില്‍, അബ്ബാസ് ചെമ്പന്‍, ഇസ്ഹാഖ് പൂണ്ടോളി, സാദിഖലി തുവ്വൂര്‍, ജലീല്‍ കണ്ണമംഗലം, ഗഫൂര്‍ കൊണ്ടോട്ടി നേതൃത്വം നല്‍കി. സഹല്‍ കാളമ്പ്രാട്ടില്‍ ഖിറാഅത്ത് നടത്തി.


Tags: