പ്രവാസികള്‍ക്ക് ക്വാറന്റൈന്‍ സൗജന്യമല്ലെന്ന പ്രഖ്യാപനം പ്രതിഷേധാര്‍ഹം: പുന്നക്കന്‍ മുഹമ്മദലി

Update: 2020-05-26 19:39 GMT

ദുബയ്: വിദേശത്ത് നിന്ന് സംസ്ഥാനത്ത് മടങ്ങിയെത്തുന്നവര്‍ക്ക് ഇനി ക്വാറന്റൈന്‍ സൗജന്യമല്ലെന്ന മുഖ്യമന്ത്രി പിണറായിയുടെ നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് ഇന്‍ക്കാസ് ജനറല്‍ സിക്രട്ടറി പുന്നക്കന്‍ മുഹമ്മദലി.

ചെലവ് അവരവര്‍ തന്നെ വഹിക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രിയുടെ പ്രസ്താവന പ്രവാസികളോട് ഇടതു സര്‍ക്കാറിന്റെ നിലപാട് എന്താണെന്ന് വ്യക്തമാക്കിയിരിക്കുകയാണെന്നും ഗള്‍ഫ് മണ്ണില്‍ മാത്രം 135 മലയാളികള്‍ മരിച്ചുവീണിട്ടും കണ്ണുതുറക്കാത്ത സര്‍ക്കാറിന്റെ നിലപാടില്‍ പ്രതിഷേധിക്കാന്‍ മുഴുവന്‍ പ്രവാസികളും ഒന്നിക്കണമെന്നും ഇന്‍ക്കാസ് ജനറല്‍ സിക്രട്ടറി പറഞ്ഞു.

നിശ്ചിത ദിവസം ക്വാറന്റൈനില്‍ കഴിയുന്നതിനുള്ള ചെലവ് അവരവര്‍ തന്നെ വഹിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാറിന്റെ പുതിയ നിലപാട്. തൊഴില്‍ നഷ്ടമായി വിദേശത്തുനിന്ന് മടങ്ങുന്നവരില്‍ ഉള്‍പ്പെട്ട ആര്‍ക്കും ഇക്കാര്യത്തില്‍ ഇളവ് അനുവദിക്കാനാവില്ലെന്ന മുഖ്യമന്ത്രി നിലപാട് ധിക്കാരമാണെന്നും 4 വര്‍ഷമായി പ്രവാസികള്‍ക്ക് വേണ്ടി ഒന്നും ചെയ്യാത്ത സര്‍ക്കാര്‍ കൊവിഡ് 19യുമായി ബുദ്ധിമുട്ടുന്ന പ്രവാസികളോട് കാണിക്കുന്ന ഏറ്റവും വലിയ ക്രൂരതയാണെന്നും പുന്നക്കന്‍ മുഹമ്മദലി പറഞ്ഞു. സ്വന്തം രാജ്യത്ത് തിരിച്ച് പോകാന്‍ ആഗ്രഹിക്കുന്ന പ്രവാസികളെ സ്വീകരിക്കാന്‍ താല്‍പര്യമില്ലാത്ത ഇന്ത്യയിലെ ആദ്യത്തെ മുഖ്യമന്ത്രി പിണറായി വിജയനായി മാറിയിരിക്കുകയാണെന്നും ഇന്‍ക്കാസ് ജനറല്‍ സിക്രട്ടറി. 

Tags:    

Similar News