വീട്ടുജോലിക്കാര്‍ ഉള്‍പ്പടെയുള്ള പ്രവാസികള്‍ക്കും എക്‌സിറ്റ് പെര്‍മിറ്റില്ലാതെ രാജ്യം വിടാമെന്ന് ഖത്തര്‍ സര്‍ക്കാര്‍
മന്ത്രാലയങ്ങള്‍ മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, എണ്ണവാതക കമ്പനികള്‍, സമുദ്രസംബന്ധമായ കമ്പനികള്‍, കാര്‍ഷിക കമ്പനികള്‍, മറ്റു എല്ലാ തരത്തിലുള്ള താല്‍ക്കാലിക തൊഴിലുകള്‍ എന്നിവയില്‍ ജോലിയെടുക്കുന്ന എല്ലാവിഭാഗം ജീവനക്കാര്‍ക്കും തൊഴില്‍ കരാറിന്റെ കാലപരിധിക്കുള്ളില്‍ താല്‍ക്കാലികമായോ സ്ഥിരമായോ എക്‌സിറ്റ് പെര്‍മിറ്റ് ഇല്ലാതെ ഖത്തര്‍ വിടാം.
ദോഹ: തൊഴില്‍ നിയമത്തിന്റെ പരിധിയില്‍പ്പെടാത്ത വീട്ടുജോലിക്കാര്‍ ഉള്‍പ്പടെയുള്ള പ്രവാസികള്‍ക്കും ഇനി മുതല്‍ എക്‌സിറ്റ് പെര്‍മിറ്റ് ഇല്ലാതെ രാജ്യം വിടാമെന്ന് ഖത്തര്‍ സര്‍ക്കാരിന്റെ പ്രഖ്യാപനം. തൊഴില്‍ നിയമത്തിന്റെ പിരിധിയില്‍പ്പെടാത്തവര്‍ക്ക് എകിസ്റ്റ് പെര്‍മിറ്റ് സംവിധാനം എടുത്തുകളഞ്ഞുകൊണ്ടുള്ള 2019ലെ 95ാം നമ്പര്‍ നിയമം പ്രധാനമന്ത്രി ശെയ്ഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ ആല്‍ഥാനിയാണ് പ്രഖ്യാപിച്ചത്. മന്ത്രാലയങ്ങള്‍ മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, എണ്ണവാതക കമ്പനികള്‍, സമുദ്രസംബന്ധമായ കമ്പനികള്‍, കാര്‍ഷിക കമ്പനികള്‍, മറ്റു എല്ലാ തരത്തിലുള്ള താല്‍ക്കാലിക തൊഴിലുകള്‍ എന്നിവയില്‍ ജോലിയെടുക്കുന്ന എല്ലാവിഭാഗം ജീവനക്കാര്‍ക്കും തൊഴില്‍ കരാറിന്റെ കാലപരിധിക്കുള്ളില്‍ താല്‍ക്കാലികമായോ സ്ഥിരമായോ എക്‌സിറ്റ് പെര്‍മിറ്റ് ഇല്ലാതെ ഖത്തര്‍ വിടാം.
എന്നാല്‍, പുതിയ നിയമം ഖത്തരി സായുധസേനയ്ക്ക് ബാധകമല്ല. അതേസമയം, എക്‌സിറ്റ് പെര്‍മറ്റ് ആവശ്യമുള്ള വിഭാഗമായി പരമാവധി അഞ്ചുശതമാനം തൊഴിലാളികളെ തൊഴിലുടമകള്‍ക്ക് നിജപ്പെടുത്താം. വലിയ ഉത്തരവാദിത്തങ്ങള്‍ വഹിക്കുന്നവരെയാണ് ഈ ഗണത്തില്‍പ്പെടുത്തുക. എല്ലാ പ്രവാസികള്‍ക്കും എക്‌സിറ്റ് പെര്‍മിറ്റ് ഇല്ലാതെ രാജ്യംവിടാനുള്ള അവകാശമുണ്ടെന്ന് തൊഴില്‍ മന്ത്രാലയം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മുഹമ്മദ് അഹസന്‍ അല്‍ ഉബൈദ്‌ലി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വീട്ടുജോലിക്കാര്‍ക്കും പുതിയ തീരുമാനപ്രകാരം താല്‍ക്കാലികമായോ സ്ഥിരമായോ തൊഴില്‍കരാര്‍ കാലപരിധിക്കിടയില്‍ എക്‌സിറ്റ് പെര്‍മിറ്റില്ലാതെ രാജ്യം വിടാം. എന്നാല്‍, വീട്ടുജോലിക്കാര്‍ രാജ്യം വിടുന്നതിന് 72 മണിക്കൂര്‍ മുമ്പ് തൊഴിലുടമയെ വിവരമറിയിക്കണം.
തൊഴിലുടമയുടെ അറിവോടുകൂടി രാജ്യംവിടുക എന്നത് സാധ്യമാക്കാനാണ് 72 മണിക്കൂര്‍ എന്ന സമയപരിധി ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. തൊഴിലുടമയെ അറിയിക്കാതെ വീട്ടുജോലിക്കാര്‍ രാജ്യംവിട്ടാല്‍ ബാക്കി ലഭിക്കാനുള്ള പണമോ, ടിക്കോറ്റോ ലഭിക്കില്ല. നാലുവര്‍ഷം മറ്റു തൊഴിലുടമയുടെ കീഴില്‍ രാജ്യത്തേയ്ക്കു മടങ്ങാനും സാധിക്കില്ല. 2018 ഒക്ടോബര്‍ 28നാണ് ഖത്തറില്‍ എക്‌സിറ്റ് പെര്‍മിറ്റ് നിയമം ഭേദഗതി ചെയ്തുകൊണ്ടുള്ള ആദ്യത്തെ ഉത്തരവ് വന്നത്. ഇതുപ്രകാരം ഖത്തര്‍ തൊഴില്‍ നിയമത്തിന്റെ പരിധിയില്‍വരുന്ന ജീവനക്കാര്‍ക്ക് മാത്രമാണ് എക്‌സിറ്റ് പെര്‍മിറ്റ് ഇല്ലാതെ രാജ്യം വിടാന്‍ അനുമതിയുണ്ടായിരുന്നത്. പുതിയ ഭേദഗതി പ്രകാരം തൊഴില്‍ നിയമത്തിന്റെ പരിധിയില്‍ വരാത്ത വീട്ടുജോലിക്കാര്‍ ഉള്‍പ്പടെയുള്ളവര്‍ക്കും എക്‌സിറ്റ് പെര്‍മിറ്റ് ആവശ്യമില്ല.

