കാന്‍സര്‍ ബാധിതരായ കുട്ടികള്‍ക്കായി 'ഹോപ്പ്' തിരുവനന്തപുരത്തേക്കും

ദുബയ് കേന്ദ്രമായി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന ഹോപ്പ് ചൈല്‍ഡ് കാന്‍സര്‍ കെയര്‍ ഫൗണ്ടേഷന്‍ തിരുവനന്തപുരത്തെ റീജ്യനല്‍ കാന്‍സര്‍ സെന്ററിനടുത്ത് പുതിയ ഹോപ്പ് ഹോം തുറക്കുമെന്ന് ചെയര്‍മാന്‍ ഹാരിസ് കാട്ടകത്ത് ദുബയില്‍ അറിയിച്ചു.

Update: 2019-05-18 09:39 GMT

ദുബയ്: നിര്‍ധനകുടുംബത്തിലെ കാന്‍സര്‍ ബാധിതരായ കുട്ടികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും സൗജന്യസേവനങ്ങള്‍ ചെയ്തുവരുന്ന ഹോപ്പ് ചൈല്‍ഡ് കാന്‍സര്‍ കെയര്‍ ഫൗണ്ടേഷന്റെ സേവനം ഇനി മുതല്‍ കേരളത്തിന്റെ തലസ്ഥാന നഗരിയിലെക്കും. ദുബയ് കേന്ദ്രമായി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന ഹോപ്പ് ചൈല്‍ഡ് കാന്‍സര്‍ കെയര്‍ ഫൗണ്ടേഷന്‍ തിരുവനന്തപുരത്തെ റീജ്യനല്‍ കാന്‍സര്‍ സെന്ററിനടുത്ത് പുതിയ ഹോപ്പ് ഹോം തുറക്കുമെന്ന് ചെയര്‍മാന്‍ ഹാരിസ് കാട്ടകത്ത് ദുബയില്‍ അറിയിച്ചു.

കേരളത്തിലെ ഒരുപാട് നിര്‍ധന കുടുംബങ്ങളിലെ കാന്‍സര്‍ ബാധിതരായ കുട്ടികളെയും അവരുടെ കുടുംബങ്ങളെയും സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ച് ശ്രദ്ധേയരായവരാണ് ഹോപ്പ് ചൈല്‍ഡ് കാന്‍സര്‍ കെയര്‍ ഫൗണ്ടേഷന്‍. കുട്ടികളിലെ കാന്‍സറിനെ അതിജീവിക്കാനുളള ഏറ്റവും മികച്ച സാധ്യതകള്‍ സൃഷ്ടിക്കുക എന്നതാണ് 'ഹോപ്പ് ചൈല്‍ഡ് കാന്‍സര്‍ കെയര്‍ ഫൗണ്ടേഷന്‍' സേവനമേഖലയില്‍ ലക്ഷ്യംവയ്ക്കുന്നത്. മികച്ചതും ഫലപ്രദവുമായ ചികില്‍സ ഉറപ്പുവരുത്തുക, സുരക്ഷിതവും അണുബാധ വിമുക്തവുമായ താമസസൗകര്യങ്ങള്‍ ചികില്‍സാവേളയില്‍ ഉറപ്പുവരുത്തുക, മികച്ച പോഷകാഹാര ലഭ്യത ഉറപ്പുവരുത്തുക, സാമ്പത്തികവും മാനസികവുമായ പിന്തുണയും സഹായവും ഉറപ്പുവരുത്തുക തുടങ്ങിയ ഘടകങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിച്ചാണ് ഹോപ്പിന്റെ പ്രവര്‍ത്തനം.

2016 ല്‍ കോഴിക്കോട് കേന്ദ്രമായാണ് ഹോപ്പ് പ്രവര്‍ത്തനം ആരംഭിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച കാന്‍സര്‍ ബാധിരായ കുട്ടികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും സൗജന്യമായി സേവനം ചെയ്തായിരുന്നു ആദ്യകാല പ്രവര്‍ത്തനം. പിന്നീട് കാന്‍സര്‍ ബാധിരായ കുട്ടികളുടെ രക്ഷിതാക്കളുടെ അഭ്യര്‍ഥനപ്രകാരം ഹോപ്പിന്റെ പ്രവര്‍ത്തനം മറ്റു സ്ഥലങ്ങളിലേക്ക് വ്യാപിപ്പിച്ചു. ഇപ്പോള്‍ കോഴിക്കോട് രണ്ടും തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററിനടുത്ത് ഒന്നും ഹോപ്പ് ഹോമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 

Tags:    

Similar News