യാത്രക്കാരുടെ സുരക്ഷ; ഇന്ത്യയിലേയ്ക്കടക്കമുള്ള 700 സര്‍വീസുകള്‍ റദ്ദാക്കി ഒമാന്‍ എയര്‍

ബോയിങ് 737 മാക്‌സിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കണമെന്ന ഒമാന്‍ പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഏവിയേഷന്‍ പബ്ലിക് അതോറിറ്റിയുടെ നിര്‍ദേശപ്രകാരമാണ് നടപടി. യാത്രക്കാര്‍ക്ക് ബദല്‍ സംവിധാനങ്ങളൊരുക്കിയതായി ഒമാന്‍ എയര്‍ അറിയിച്ചു.

Update: 2020-02-05 02:19 GMT

മസ്‌കത്ത്: യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് ഫെബ്രുവരി 29 വരെ ഒമാന്‍ എയര്‍ ഇന്ത്യയിലേയ്ക്കടക്കമുള്ള 700 ഓളം സര്‍വീസുകള്‍ റദ്ദാക്കുന്നു. ബോയിങ് 737 മാക്‌സിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കണമെന്ന ഒമാന്‍ പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഏവിയേഷന്‍ പബ്ലിക് അതോറിറ്റിയുടെ നിര്‍ദേശപ്രകാരമാണ് നടപടി. യാത്രക്കാര്‍ക്ക് ബദല്‍ സംവിധാനങ്ങളൊരുക്കിയതായി ഒമാന്‍ എയര്‍ അറിയിച്ചു. ഡല്‍ഹി, മുംബൈ, കൊളംബോ, ജയ്പൂര്‍ ഉള്‍പ്പടെ ഇരുപതോളം റൂട്ടുകളിലേക്കുള്ള സര്‍വിസുകളാണ് ഒമാന്‍ എയര്‍ റദ്ദാക്കുന്നത്.

ഇതിനു പുറമെ മസ്‌കത്തില്‍നിന്ന് മനാമ, മദീന, സലാല, ഏതന്‍സ് എന്നിവടങ്ങളിലേക്കുമുള്ള വിമാനസര്‍വീസുകളെയും റദ്ദാക്കല്‍ ബാധിച്ചിട്ടുണ്ട്. ഫെബ്രുവരി 29 വരെയുള്ള കാലയളവില്‍ ഒമാന്‍ എയറില്‍ ടിക്കറ്റ് മുന്‍കൂട്ടി വാങ്ങിയ യാത്രക്കാര്‍ക്ക് ഇതരമാര്‍ഗം വിമാനകമ്പനി അധികൃതര്‍ ക്രമീകരിച്ചുകഴിഞ്ഞു. ഇതിനായി ഒമാന്‍ എയര്‍ വിമാനകമ്പനിയുടെ കോള്‍ സെന്ററുമായി ബന്ധപെടണമെന്ന് അധികൃതര്‍ വ്യക്തമാക്കി.

2019 മാര്‍ച്ച് 10ന് എത്യോപ്യയില്‍ ബോയിങ് 737 മാക്‌സ് എട്ട് വിമാനം തകര്‍ന്നുവീണ് 157 പേര്‍ മരിച്ച സംഭവത്തിനുശേഷമാണ് ഒമാന്‍ ദേശീയ വിമാന കമ്പനിയായ ഒമാന്‍ എയര്‍ സര്‍വീസുകള്‍ റദ്ദാക്കി ബദല്‍ സംവിധാനങ്ങള്‍ ഒരുക്കിവരുന്നത്. മാക്‌സ് എട്ട് നിരയിലെ അഞ്ച് വിമാനങ്ങളാണ് ഒമാന്‍ എയറിനുണ്ടായിരുന്നത്. ഇതിനകം വിവിധ രാജ്യങ്ങളിലായി ഏകദേശം 400 ഓളം ബോയിങ് 737 മാക്‌സ് എട്ട് വിമാനങ്ങള്‍ സര്‍വീസുകളില്‍നിന്ന് പിന്‍വലിച്ചതായാണ് റിപോര്‍ട്ടുകള്‍. യാത്രക്കാര്‍ ബന്ധപ്പെടേണ്ട കോള്‍ സെന്റര്‍ നമ്പര്‍: +96824531111. 

Tags:    

Similar News