പാലത്തായി കേസ്: ഹൈക്കോടതി ഉത്തരവ് പിണറായി സര്‍ക്കാരിന്റെ പിടിവാശിക്കേറ്റ പ്രഹരം-ഇന്ത്യന്‍ സോഷ്യല്‍ ഫോറം

Update: 2020-10-21 05:56 GMT
ദമ്മാം: കണ്ണൂര്‍ പാലത്തായില്‍ ബിജെപി നേതാവ് പത്മരാജന്‍ പ്രതിയായ ബാലികാ പീഡനക്കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്ന നിലവിലെ അന്വേഷണ സംഘത്തെ മാറ്റി മറ്റൊരു സംഘത്തെ നിയമിക്കണമെന്ന ഹൈക്കോടതി ഉത്തരവ് പിണറായി സര്‍ക്കാരിന്റെ പിടിവാശിക്കേറ്റ കനത്ത പ്രഹരമാണെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദമ്മാം കേരള കമ്മിറ്റി സെക്രട്ടറി അന്‍സാര്‍ കോട്ടയം പറഞ്ഞു. സോഷ്യല്‍ ഫോറം നാബിയ-താറൂത്ത് സംയുക്ത ബ്രാഞ്ച് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഐ.ജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പ്രതിയെ രക്ഷിക്കാന്‍ കേസ് അട്ടിമറിച്ചത് തെളിവ് സഹിതം ചൂണ്ടിക്കാട്ടി എസ് ഡിപിഐയും വിമന്‍ ഇന്ത്യ മൂവ്‌മെന്റും ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ നടത്തിയ പ്രക്ഷോഭങ്ങളെ ഹൈക്കോടതി ശരിവച്ചിരിക്കുകയാണ്. നിലവിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ പുതിയ സംഘത്തില്‍ ഉണ്ടാവരുതെന്ന കോടതി നിരീക്ഷണം വളരെ പ്രസക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    പോക്സോ വകുപ്പ് പോലും ഒഴിവാക്കി പ്രതിക്ക് ജാമ്യം ലഭിക്കാനുള്ള സാഹചര്യം ഉണ്ടാക്കിയത് ക്രൈം ബ്രാഞ്ച് സംഘമാണ്. മാത്രമല്ല പ്രതിയെ രക്ഷിക്കുന്നതിന് ഇരയെ മോശമായി ചിത്രീകരിക്കാന്‍ വരെ ക്രൈംബ്രാഞ്ച് തയ്യാറായി എന്നതും പൊതുസമൂഹം മനസിലാക്കിയിട്ടുണ്ട്. ആര്‍എസ്എസ് നേതാവിനെ രക്ഷിക്കാന്‍ ഗുരുതരമായ ഒത്തുകളികള്‍ നടത്തിയും, അന്വേഷണ സംഘത്തെ മാറ്റില്ലെന്ന മര്‍ക്കട മുഷ്ടിയിലുമായിരുന്നു പിണറായി സര്‍ക്കാര്‍. ആര്‍എസ്എസുകാരായ പീഡനക്കേസ് പ്രതികളെ രക്ഷിക്കുന്നതിന് ഈ അന്വേഷണസംഘം തന്നെ തുടരട്ടെയെന്ന ഇടതു സര്‍ക്കാരിന്റെ മര്‍ക്കടമുഷ്ടിക്കേറ്റ കനത്ത തിരിച്ചടിയാണ് ഹൈക്കോടി ഉത്തരവെന്നും അന്‍സാര്‍ കോട്ടയം പറഞ്ഞു.

    ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ രൂപം കൊണ്ട പിഡിഎ മുന്നണി ശക്തിയാര്‍ജിച്ചാല്‍ അത് ഫാഷിസ്റ്റ് ഭരണകൂടത്തിനും ദലിത്-മുസ് ലിം ന്യൂനപക്ഷങ്ങളെ വോട്ടുബാങ്കുകളാക്കി വരുതിയില്‍ വച്ചിരിക്കുന്ന കപട രാഷ്ട്രീയക്കാര്‍ക്കും വന്‍ തിരിച്ചടിയാവുമെന്നും കണ്‍വന്‍ഷന്‍ അഭിപ്രായപ്പെട്ടു. സോഷ്യല്‍ ഫോറം നാബിയ ബ്രാഞ്ച് പ്രസിഡന്റ് കോയ കൊടുവള്ളി അധ്യക്ഷത വഹിച്ചു. സോഷ്യല്‍ ഫോറം ഖത്തീഫ് ബ്ലോക്ക് പ്രസിഡന്റ് ഷാഫി വെട്ടം, താറൂത്ത് ബ്രാഞ്ച് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം നസീം കടക്കല്‍ സംസാരിച്ചു. ഷക്കീര്‍ പുത്തനത്താണി, ഷമീര്‍ ആറ്റിങ്ങല്‍, ഹുസയ്ന്‍ കടക്കല്‍ നേതൃത്വം നല്‍കി.

Palathayi case: Indian social forum against Pinarayi government




Tags: