കുവൈത്ത് പ്രഖ്യാപിച്ച ഓക്‌സിജനും വൈദ്യസഹായവും ഇന്ത്യയിലെത്തിച്ചു

Update: 2021-05-05 01:12 GMT

കുവൈത്ത് സിറ്റി: കൊവിഡ് വ്യാപന പ്രതിസന്ധിയിലായ ഇന്ത്യയ്ക്ക് കുവൈത്ത് പ്രഖ്യാപിച്ച ഓക് സിജനും വൈദ്യസഹായവും എത്തിച്ചു. 40 ടണ്‍ വരുന്ന ഓക്‌സിജന്‍ സിലിണ്ടറുകള്‍, മരുന്നുകള്‍, വെന്റിലേറ്റര്‍ ഉള്‍പ്പെടെയുള്ള വൈദ്യസഹായമാണ് ന്യൂഡല്‍ഹിയില്‍ എത്തിച്ചത്. കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി(കെആര്‍സിഎസ്)യുടെ നേതൃത്വത്തിലാണ് ഇന്ത്യയിലേക്കുള്ള വൈദ്യസഹായം അബ്ദുല്ല അല്‍ മുബാറക് എയര്‍ ബേസില്‍ നിന്ന് അയച്ചത്.

    നേരത്തേ, കൊവിഡ് വ്യാപനം മൂലം പ്രതിസന്ധിയിലായ ഇന്ത്യന്‍ ആശുപത്രികളില്‍ നിന്ന് അവശ്യ സേവനങ്ങള്‍ എത്തിക്കുന്നത് കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി(കെആര്‍സിഎസ്) യുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായ മാനുഷിക ദൗത്യമെന്ന് കെആര്‍സിഎസ് ഡയറക്ടര്‍ ജനറല്‍ അബ്ദുള്‍റഹ്‌മാന്‍ അല്‍-അയൂന്‍ പറഞ്ഞു. നിലവിലെ ആരോഗ്യസ്ഥിതിയില്‍ കുവൈത്ത് ഇന്ത്യയുമായി പൂര്‍ണ ഐക്യദാര്‍ഢ്യത്തിലാണ്. സാധ്യമായ എല്ലാ വൈദ്യ സഹായങ്ങളും വിഭവങ്ങളും ന്യൂഡല്‍ഹിയില്‍ വിനിയോഗിക്കാന്‍ റെഡ് ക്രസന്റ് ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    കൊറോണ വൈറസ് ബാധിതരെ ചികില്‍സിക്കുന്നതിനുള്ള കുവൈത്തിന്റെ ദൗത്യത്തെ പിന്തുണയ്ക്കുന്നതിനായി കെആര്‍സിഎസ് ഇന്ത്യയിലെ കുവൈത്ത് എംബസിയുമായും ഇന്ത്യന്‍ റെഡ് ക്രോസുമായും ഏകോപിപ്പിച്ച് മെഡിക്കല്‍ സപ്ലൈസ് ആശുപത്രികളില്‍ അടിയന്തിരമായി എത്തിക്കും. കുവൈത്ത് അമീര്‍ ഷെയ്ഖ് സബാ അല്‍ നവാഫ് അല്‍ അഹ്‌മദ് അല്‍-ജാബര്‍ അല്‍ സബയുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി ഇന്ത്യന്‍ ജനതയെ കൊവിഡ് മുക്തമാക്കാനുള്ള മാനുഷിക ശ്രമങ്ങളില്‍ പങ്കാളികളാകാനുള്ള താല്‍പര്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.

Oxygen and medical aid announced by Kuwait reached India

Tags: