സൗദി ഭരണകൂടം നല്‍കിയ ആനുകൂല്യം പ്രയോജനപ്പെടുത്തി പ്രവാസികളുടെ തിരിച്ചുവരവ് എളുപ്പമാക്കാന്‍ അവസരമൊരുക്കണം: ഇന്ത്യന്‍ സോഷ്യല്‍ ഫോറം

കോവിഡ് മഹാമാരിയുടെ വ്യാപനം കാരണം ഒന്നര വര്‍ഷത്തിലധികമായി മുടങ്ങിക്കിടക്കുന്ന ഇന്ത്യയില്‍ നിന്നും സൗദിയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ സൗദി ഭരണകൂടത്തിന്റെ പുതിയ തീരുമാനപ്രകാരം ഇന്ത്യാ ഗവണ്മെന്റിന്റെ ഭാഗത്തു നിന്നും നയതന്ത്രത്തലത്തില്‍ നടപടിയുണ്ടാവുമെന്നും ഭാരവാഹികള്‍ പ്രത്യാശ പ്രകടിപ്പിച്ചു.

Update: 2021-08-25 18:10 GMT

ജിദ്ദ: സൗദിയില്‍ നിന്നും രണ്ടു ഡോസ് കോവിഡ് പ്രതിരോധ വാക്‌സിനെടുത്തു അവധിക്കു നാട്ടില്‍ പോയ ഇന്ത്യക്കാര്‍ക്ക് നേരിട്ട് സൗദിയിലേക്ക് മടങ്ങാമെന്ന സൗദി ഭരണകൂടത്തിന്റെ തീരുമാനം അനേകായിരം പ്രവാസികള്‍ക്ക് ആശ്വാസമേകുന്നതും അഭിനന്ദനാര്‍ഹമാണെന്നും ഇന്ത്യന്‍ സോഷ്യല്‍ ഫോറം സൗദി നാഷണല്‍ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.

കോവിഡ് മഹാമാരിയുടെ വ്യാപനം കാരണം ഒന്നര വര്‍ഷത്തിലധികമായി മുടങ്ങിക്കിടക്കുന്ന ഇന്ത്യയില്‍ നിന്നും സൗദിയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ സൗദി ഭരണകൂടത്തിന്റെ പുതിയ തീരുമാനപ്രകാരം ഇന്ത്യാ ഗവണ്മെന്റിന്റെ ഭാഗത്തു നിന്നും നയതന്ത്രത്തലത്തില്‍ നടപടിയുണ്ടാവുമെന്നും ഭാരവാഹികള്‍ പ്രത്യാശ പ്രകടിപ്പിച്ചു. ചെറിയ അവധിക്കു നാട്ടില്‍ പോയി നിശ്ചിത സമയത്തിനകം തിരിച്ചെത്താനാകാതെ നിരവധി പേരാണ് ജോലി നഷ്ടപ്പെടുകയും സാമ്പത്തികമായി വലിയ കഷ്ടതയനുഭവിക്കുകയും ചെയ്യുന്നത്.

നേരിട്ടുള്ള വിമാനസര്‍വ്വീസുകള്‍ മുടങ്ങിയതിനാല്‍ തൊഴില്‍ നഷ്ടപ്പെടാതിരിക്കാന്‍ ലക്ഷങ്ങള്‍ ചെലവഴിച്ചാണ് ഇതര രാജ്യങ്ങളിലൂടെ യാത്രയും ആഴ്ചകള്‍ നീണ്ട കോവിഡ് മാനദണ്ഡപ്രകാരമുള്ള ക്വാറന്റൈനും കഴിഞ്ഞു ജോലിയില്‍ തിരികെയെത്താന്‍ പ്രവാസികള്‍ കഷ്ടപ്പെടുന്നത്. അതേ സമയം സൗദി ഭരണകൂടം വിവിധ കാലയളവില്‍ വിസാ കാലാവധി സൗജന്യമായി പുതുക്കി നല്‍കിയതിനാല്‍ തിരികെയെത്താനായില്ലെങ്കിലും ജോലി സംരക്ഷിക്കപ്പെട്ടത് നിരവധിയാളുകള്‍ക്ക് വലിയ ആശ്വാസമായിരുന്നു.

കോവിഡ് മഹാമാരിയെ പ്രതിരോധിക്കാന്‍ സൗദി ഭരണകൂടം കൈക്കൊണ്ട നടപടികളും ദേശഭാഷാ വ്യത്യാസമില്ലാതെ സൗജന്യമായി എല്ലാവര്‍ക്കും പ്രതിരോധ കുത്തിവെപ്പ് നല്‍കിയതും ലോകത്തിനു തന്നെ മാതൃകയാണ്. ഇപ്പോള്‍ സൗദി ഭരണകൂടം പ്രഖ്യാപിച്ചിട്ടുള്ള യാത്രാ ആനുകൂല്യം പ്രയോജനപ്പെടുത്തി പ്രവാസികളുടെ തിരിച്ചുവരവ് എളുപ്പമാക്കാനുള്ള നടപടികള്‍ക്ക് ഇന്ത്യ ഗവണ്മെന്റ് യുദ്ധകാലാടിസ്ഥാനത്തില്‍ ബന്ധപ്പെട്ട് അനുകൂല സാഹചര്യം ഒരുക്കണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം സൗദി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് അഷ്‌റഫ് മൊറയൂര്‍, വിവിധ റീജിയന്‍ ഭാരവാഹികളായ, ഹാരിസ് മംഗളൂരു, ബഷീര്‍ കാരന്തൂര്‍ (റിയാദ്), നസ്രുള്‍ ഇസ്‌ലാം ചൗധരി, മിറാജ് ഹൈദരാബാദ്, നമീര്‍ ചെറുവാടി (ദമ്മാം), മുഹമ്മദ് കോയ ചേലേമ്പ്ര (അബഹ), ഇ.എം. അബ്ദുല്ല, ആലിക്കോയ ചാലിയം (ജിദ്ദ), എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Tags:    

Similar News