ലോക്ക്ഡൗണില്‍ തൊഴിലില്ല; പ്രവാസികള്‍ പ്രതിസന്ധിയുടെ ആഴക്കടലിലേക്ക്

Update: 2020-03-27 16:56 GMT

ദോഹ: ലോകത്തെ കണ്ണീരണിയിക്കുന്ന കൊവിഡ് 19 വ്യാപനം പ്രവാസികള്‍ക്ക് ഇരുട്ടടിയാവുന്നു. തൊഴില്‍ തേടിയെത്തിയ നാട്ടില്‍ തൊഴിലെടുക്കാനാവാതെ നിത്യജീവിതം പോലും ദുസ്സഹമായവര്‍, നാട്ടിലെ വായ്പകളും മറ്റും തിരിച്ചടയ്ക്കുന്നതിനെ കുറിച്ചോര്‍ത്ത് ആധിയിലാണ്. ഗള്‍ഫിലും നാട്ടിലും കടുത്ത നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ നാട്ടിലെത്താനാവാത്തതിനു പുറമെയാണ്, വരുംനാളുകളിലെ കടബാധ്യതകള്‍ പലരെയും മാനസിക സംഘര്‍ഷത്തിലേക്കെത്തിക്കുന്നത്. ബാങ്ക് വായ്പകളുടെ തിരിച്ചടവിന് സംസ്ഥാന സര്‍ക്കാരില്‍ നിന്നോ ബാങ്കുകളുടെ ഭാഗത്ത് നിന്നോ കൃത്യമായ വിശദീകരണം ലഭിക്കാത്തത് പ്രവാസികള്‍ക്കിടയില്‍ കടുത്ത ആശങ്കയുണ്ടാക്കിയിട്ടുണ്ട്.

    ഗള്‍ഫ് രാജ്യങ്ങളിലെ ശമ്പളക്കാരല്ലാത്ത ലക്ഷക്കണക്കിന് മലയാളികളാണ് കടുത്ത സാമ്പത്തിക പ്രതിസന്ധി മുന്നില്‍ക്കാണുന്നത്. തങ്ങളുടെ വരുമാനത്തെ മാത്രം ആശ്രയിച്ചുകഴിയുന്ന കുടുംബങ്ങളെയും അതുപോലെ വായ്പാ തിരിച്ചടവുകളുമെല്ലാം വന്‍ പ്രതിസന്ധിയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ലിമോസിന്‍ െ്രെഡവര്‍മാര്‍, ചെയ്യുന്ന ജോലിക്ക് മാത്രം വരുമാനം ലഭിക്കുന്ന മറ്റു തൊഴിലാളികള്‍, സ്വന്തം നിലയില്‍ ചെറിയ രീതിയില്‍ ബിസിനസ് നടത്തി വരുമാനമുണ്ടാക്കുന്നവര്‍ എന്നിവരെയെല്ലാം നിലവിലെ സാഹചര്യം വന്‍ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇവരില്‍ ഭൂരിഭാഗവും ബാങ്കുകളില്‍ നിന്ന് വായ്പയെടുത്താണ് നാട്ടില്‍ വീട് നിര്‍മാണം മുതല്‍ പല കാര്യങ്ങളും പൂര്‍ത്തിയാക്കിയത്. പുതിയ സാഹചര്യത്തില്‍ വായ്പാ തിരിച്ചടവ് മുടങ്ങിയാല്‍ പലിശയും അധിക പലിശയുമൊക്കെയായി വന്‍ തുക നല്‍കേണ്ടി വരുമോ എന്നാണ് ഇവരുടെ ആശങ്ക. ഗള്‍ഫ് രാജ്യങ്ങളിലേത് പോലെ നാട്ടിലും വായ്പാ തിരിച്ചടവുകള്‍ക്ക് സാവകാശം അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം.

    അതേസമയം, ഇക്കാര്യത്തില്‍ സര്‍ക്കാരില്‍ നിന്ന് യാതൊരു അറിയിപ്പും ഇതിവരെ ലഭിച്ചിട്ടില്ലെന്നാണ് ബാങ്ക് അധികൃതരുടെ വിശദീകരണം. നാട്ടിലെ മന്ത്രിമാരുമായും ഉത്തരവാദപ്പെട്ട രാഷ്ട്രീയ നേതാക്കളുമായും ബന്ധപ്പെട്ടപ്പോഴും പലര്‍ക്കും ഇക്കാര്യത്തില്‍ കൃത്യമായ മറുപടിയില്ല. സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നായിരുന്നു മന്ത്രി കെ ടി ജലീലുമായി ബന്ധപ്പെട്ട പ്രവാസി മലയാളിക്ക് ലഭിച്ച മറുപടി.


വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ മണി എക്‌സ്‌ചേഞ്ചുകള്‍ക്ക് കൂടി നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ, ഓണ്‍ലൈന്‍ പണമിടപാടുകള്‍ പരിചയമില്ലാത്ത മാസ വേതനക്കാരായ സാധാരണ തൊഴിലാളികളെയും ഇത് പ്രതികൂലമായി ബാധിക്കുന്നുണ്ട്. അതിനാല്‍തന്നെ, പ്രവാസി മലയാളികളുടെ നാട്ടിലെ ബാങ്ക് വായ്പാ തിരിച്ചടവുകളും കുടിശ്ശികയും അടച്ചു തീര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് ഉടന്‍ തീരുമാനമുണ്ടാക്കണമെന്നാണ് ഇവരുടെ ആവശ്യം. പ്രവാസികള്‍ നാട്ടിലേക്കയക്കുന്ന പണമാണ് സംസ്ഥാനത്തെ സമ്പദ്‌വ്യവസ്ഥയെ നിലനിര്‍ത്തുന്നതെന്ന് ഇടയ്ക്കിടെ ആവര്‍ത്തിക്കുന്ന ധനമന്ത്രിയില്‍ നിന്നും മുഖ്യമന്ത്രിയില്‍ നിന്നും ഇക്കാര്യത്തില്‍ ഉടന്‍ അനുകൂല തീരുമാനമുണ്ടാവുമെന്ന പ്രതീക്ഷയിലാണ് പ്രവാസികളിലേറെയും കഴിയുന്നത്.




Tags:    

Similar News