ദുബായിലെ ഒറാക്കിള്‍ ഡാറ്റാ സെന്ററിന് നേരെ ഇറാന്റെ ആക്രമണമെന്ന് വാര്‍ത്തകള്‍; വ്യാജപ്രചാരണം നടത്തരുതെന്ന് മുന്നറിയിപ്പ്
ദുബായ്: ദുബായിലെ പ്രമുഖ അമേരിക്കന്‍ സാങ്കേതിക വിദ്യ കമ്പനിയായ ഒറാക്കിളിന്റെ ഡാറ്റാ സെന്ററിന് നേരെ ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് ആക്രമണം നടത്തിയെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ ദുബായ് സര്‍ക്കാര്‍ നിഷേധിച്ചു. സോഷ്യല്‍ മീഡിയ വഴിയും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വഴിയും പ്രചരിക്കുന്ന ഈ റിപ്പോര്‍ട്ടുകള്‍ പൂര്‍ണ്ണമായും അടിസ്ഥാനരഹിതമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
ദുബായില്‍ ഇത്തരമൊരു ആക്രമണം നടന്നുവെന്നത് 'വ്യാജവാര്‍ത്ത' ആണെന്ന് ദുബായ് ഗവണ്‍മെന്റ് മീഡിയ ഓഫീസ് എക്‌സ് പ്ലാറ്റ്ഫോമിലൂടെ പുറത്തുവിട്ട പ്രസ്താവനയില്‍ അറിയിച്ചു. മേഖലയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് അധികൃതര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി. ഔദ്യോഗിക സര്‍ക്കാര്‍ സ്രോതസ്സുകളില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രം വിശ്വസിക്കണമെന്നും പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
വാഷിംഗ്ടണുമായി തര്‍ക്കം രൂക്ഷമായാല്‍ പ്രമുഖ അമേരിക്കന്‍ സാങ്കേതിക വിദ്യ കമ്പനികളെ ലക്ഷ്യം വെക്കുമെന്ന് ഇറാന്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ദുബായിലെ ഒറാക്കിള്‍ കേന്ദ്രത്തിന് നേരെ ആക്രമണം നടന്നുവെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ പ്രചരിച്ചത്. ജനങ്ങളില്‍ ഭീതി പടര്‍ത്തുന്ന ഇത്തരം വ്യാജ റിപോര്‍ട്ടുകള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.