കുവൈത്തില്‍ യുവതിയുടെ ദുരൂഹമരണം: കോട്ടയം ഗാന്ധിനഗര്‍ പോലിസ് കേസെടുത്തു

ഇന്ത്യന്‍ എംബസിയുടെ അഭയകേന്ദ്രത്തില്‍ കഴിഞ്ഞിരുന്നതായി പറയപ്പെടുന്ന കോട്ടയം സംക്രാന്തി പെരുമ്പായിക്കാട്ട് തേക്കനയീല്‍ സുമി കഴിഞ്ഞ ഞായറാഴ്ചയാണു ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ടത്.

Update: 2020-05-07 05:22 GMT

കുവൈത്ത് സിറ്റി: കുവൈത്തില്‍ കഴിഞ്ഞദിവസം ദുരൂഹസാഹചര്യത്തില്‍ യുവതി മരിക്കാനിടയായ സംഭവത്തില്‍ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ കോട്ടയം ഗാന്ധി നഗര്‍ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മലപ്പുറം കുളത്തൂര്‍ കണിയാംപറമ്പില്‍ വീട്ടില്‍ മനോജ് കുര്യനെതിരേയാണ് 281/ 2020/ നമ്പര്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇയാള്‍ നിലവില്‍ കുവൈത്തിലാണുള്ളത്. യുവതിയുടെ സഹോദരന്‍ സന്തോഷ് കുമാര്‍ തേനിയിലാണു പരാതിക്കാരന്‍. ഇന്ത്യന്‍ എംബസിയുടെ അഭയകേന്ദ്രത്തില്‍ കഴിഞ്ഞിരുന്നതായി പറയപ്പെടുന്ന കോട്ടയം സംക്രാന്തി പെരുമ്പായിക്കാട്ട് തേക്കനയീല്‍ സുമി കഴിഞ്ഞ ഞായറാഴ്ചയാണു ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ടത്.

എംബസി ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തി മനോജ് കുര്യന്‍ എന്ന വ്യക്തിയാണു തങ്ങളെ മരണവിവരം അറിയിച്ചതെന്നാണു ബന്ധുക്കള്‍ പറയുന്നത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുന്നതിനായി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വരുന്നതായും ഇയാള്‍ ബന്ധുക്കളെ അറിയിച്ചിരുന്നു. എന്നാല്‍, മൃതദേഹത്തില്‍ നടത്തിയ പരിശോധനയില്‍ സുമി കൊവിഡ് ബാധിതയാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാന്‍ സാധിക്കില്ലെന്നും കുവൈത്തില്‍ സംസ്‌കരിക്കുന്നതിനു ബന്ധുക്കളുടെ സമ്മതപത്രം ആവശ്യമാണെന്നും അറിയിച്ചുകൊണ്ട് ഇയാള്‍ വീണ്ടും നാട്ടില്‍ ബന്ധപ്പെട്ടു. ഇതെത്തുടര്‍ന്നാണു സുമിയുടെ മരണത്തില്‍ ബന്ധുക്കളില്‍ സംശയമുയര്‍ത്തിയത്.

രക്തചംക്രമണത്തിലും ശ്വാസകോശത്തിലേക്കുള്ള ശ്വസനവായു പ്രവാഹത്തിലുമുണ്ടായ കുറവിനെത്തുടര്‍ന്നുള്ള ഹൃദയാഘാതമെന്നാണു മരണകാരണമായി റിപോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. മാത്രവുമല്ല, യുവതിയുടെ മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനുള്ള അന്തിമനടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയിരുന്നു. മരിച്ചവര്‍ കൊവിഡ് ബാധിതരാണെങ്കില്‍ ഇത് സാധ്യമാവില്ല. ഈ സാഹചര്യത്തിലാണു യുവതി കൊവിഡ് ബാധിതയാണെന്നതിനുള്ള സര്‍ട്ടിഫിക്കറ്റ് അയച്ചാല്‍ മാത്രമേ മൃതദേഹം മറവുചെയ്യുന്നതിനുള്ള സമ്മതപത്രം അയക്കുകയുള്ളൂ എന്ന് ബന്ധുക്കള്‍ നിലപാട് സ്വീകരിച്ചത്. എന്നാല്‍, ഇതുവരെ ഈ സര്‍ട്ടിഫിക്കറ്റ് ബന്ധുക്കള്‍ക്ക് അയച്ചുനല്‍കിയിട്ടില്ലെന്നും ഇന്നു മുതല്‍ മനോജ് കുര്യന്‍ തങ്ങളുടെ ഫോണ്‍ കോള്‍ സ്വീകരിക്കുന്നില്ലെന്നും ബന്ധുക്കള്‍ പറയുന്നു.

മാത്രവുമല്ല, ഇത്തരത്തില്‍ ഒരു സര്‍ട്ടിഫിക്കറ്റ് ആരോഗ്യമന്ത്രാലയത്തില്‍നിന്നും ലഭിക്കില്ലെന്നാണു മനോജ് കുര്യന്‍ അവസാനമായി ബന്ധുക്കളെ അറിയിച്ചിരിക്കുന്നത്. എന്നാല്‍, എംബസിയുടെ ഇടപെടലുണ്ടായാല്‍ ഇത് അനായാസേന ലഭ്യമാക്കാവുന്നതാണ്. ഇനി അത്തരം തടസ്സങ്ങള്‍ ആരോഗ്യമന്ത്രാലയത്തില്‍നിന്നുണ്ടായല്‍ അക്കാര്യം രേഖാമൂലം നല്‍കണമെന്ന് എംബസിക്കും ആവശ്യപ്പെടാവുന്നതുമാണ്. സുമിയുടെ മരണവുമായി ബന്ധപ്പെട്ട് മറ്റു ചില സംശയങ്ങള്‍കൂടി ബന്ധുക്കള്‍ ഉയര്‍ത്തുന്നുണ്ട്. യുവതി മരിച്ച മെയ് 2നു എംബസിയുടെ അഭയകേന്ദ്രത്തില്‍ യുവതി താമസിച്ചിരുന്നുവോ എന്നതിനു വ്യക്തതവരേണ്ടതുണ്ട് എന്നതാണു ഇതില്‍ പ്രധാനം. പൊതുമാപ്പ് ആരംഭിച്ച ശേഷം ഏപ്രില്‍ 16 മുതല്‍ സല്‍വയില്‍ സ്ഥിതിചെയ്യുന്ന എംബസിയുടെ അഭയകേന്ദ്രത്തില്‍ അന്തേവാസികള്‍ ആരുംതന്നെ ഉണ്ടായിരുന്നില്ലെന്നാണു വിവരം ലഭിച്ചിരിക്കുന്നതെന്ന് ബന്ധുക്കള്‍ പറയുന്നു.

എങ്കില്‍ മരണദിവസം യുവതി എവിടെയാണു താമസിച്ചിരുന്നത് എന്നതിലും സംശയങ്ങള്‍ ഉയരുന്നുണ്ട്. മരണകാരണം സംബന്ധിച്ച പോസ്റ്റ്മോര്‍ട്ടം റിപോര്‍ട്ടിലും ബന്ധുക്കള്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്. ശ്വാസതടസ്സത്തെ തുടര്‍ന്നുണ്ടായ ഹൃദയാഘാതമെന്നാണു പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടില്‍ മരണകാരണമായി രേഖപ്പെടുത്തിയിരിക്കുന്നത്. ബാഹ്യമായ പരിക്കുകളില്ലാത്ത ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ കേസുകളിലും ഇത്തരത്തിലാണു പ്രാഥമികറിപോര്‍ട്ട് രേഖപ്പെടുത്താറുള്ളതെന്നാണു ഫോറന്‍സിക് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. അതു കൊണ്ട് ഇക്കാര്യത്തിലും അന്വേഷണം വേണമെന്നാണു ബന്ധുക്കള്‍ ആവശ്യപ്പെടുന്നത്.

അതേസമയം, യുവതിയുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടും മൃതദേഹം നാട്ടിലേക്ക് എത്തിക്കണമെന്നാവശ്യപ്പെട്ടും ഇന്നും നിരവധി കേന്ദ്രങ്ങളിലേക്ക് പ്രമുഖര്‍ പരാതി നല്‍കിയിട്ടുണ്ട്. വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, വിദേശകാര്യമന്ത്രി വി മുരളീധരന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര വിദേശകാര്യ അഡീഷനല്‍ സെക്രട്ടറി ടി വി നാഗേന്ദ്രപ്രസാദ്, കേരള ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവര്‍ക്ക് തോമസ് ചാഴിക്കാടന്‍ എംപിയും ചീഫ് സെക്രട്ടറി ടോം ജോസിനു തിരുവഞ്ചൂര്‍ രാധാകൃഷണന്‍ എംഎല്‍എയും ഇതുസംബന്ധിച്ച് ഇന്ന് പരാതി അയച്ചിട്ടുണ്ട്. 

Tags:    

Similar News