നഷ്ടമായത് മികച്ച പാര്‍ലമെന്റേറിയനെയും മതനിരപേക്ഷതയുടെ ശബ്ദവും: ദമ്മാം മീഡിയാ ഫോറം

വര്‍ഗീയതയ്ക്കും സ്വേച്ഛാധിപത്യത്തിനുമെതിരേ നിതാന്തം ജാഗ്രത പുലര്‍ത്തി. ബഹുമുഖതിരക്കുകള്‍ക്കിടയിലും സര്‍ഗചേതന സജീവമാക്കിയ അദ്ദേഹത്തിന്റെ തൂലികയില്‍നിന്ന് കനപ്പെട്ട രചനകള്‍ പിറന്നു.

Update: 2020-05-29 12:37 GMT

ദമ്മാം: മാധ്യമരംഗത്തെ കുലപതിയും മികച്ച പാര്‍ലമെന്റേറിയനുമായ എം പി വീരേന്ദ്രകുമാറിന്റെ വിയോഗത്തില്‍ ദമ്മാം മീഡിയാ ഫോറം അനുശോചിച്ചു. രാഷ്ട്രീയനേതാവ്, എഴുത്തുകാരന്‍, പ്രഭാഷകന്‍, പാര്‍ലമെന്റേറിയന്‍, മാധ്യമമേധാവി, സോഷ്യലിസ്റ്റ്, മികച്ച വായനക്കാരന്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍ തുടങ്ങി ഏതുകളത്തിലായാലും അവിടെ തലയെടുപ്പോടെയുണ്ടായിരുന്ന പ്രതിഭാശാലിയായ ഒരു നേതാവിനെയാണ് സംസ്‌കാരിക കേരളത്തിന് നഷ്ടപ്പെട്ടിരിക്കുന്നതെന്ന് മീഡിയാ ഫോറം അനുശോചനസന്ദേശത്തില്‍ അറിയിച്ചു. മതനിരപേക്ഷതയുടെ ശബ്ദമായിരുന്നു വീരേന്ദ്രകുമാര്‍. മണ്ണിനും മനസ്സിനും പ്രകൃതിക്കുംവേണ്ടി എന്നും അദ്ദേഹം പടവെട്ടി.

വര്‍ഗീയതയ്ക്കും സ്വേച്ഛാധിപത്യത്തിനുമെതിരേ നിതാന്തം ജാഗ്രത പുലര്‍ത്തി. ബഹുമുഖതിരക്കുകള്‍ക്കിടയിലും സര്‍ഗചേതന സജീവമാക്കിയ അദ്ദേഹത്തിന്റെ തൂലികയില്‍നിന്ന് കനപ്പെട്ട രചനകള്‍ പിറന്നു. എഴുത്തുകാര്‍ക്കും ചരിത്ര, രാഷ്ട്രീയവിദ്യാര്‍ഥികള്‍ക്കും ഒരുപോലെ പഠിക്കാവുന്ന വിലമതിക്കാത്ത സൃഷ്ടികളായിരുന്നു എല്ലാം. വീരേന്ദ്രകുമാര്‍ കൊളുത്തിവച്ച അക്ഷരങ്ങളും ജ്വലിപ്പിച്ച ചിന്തകളും മതേതര ഇന്ത്യയ്ക്ക് വെളിച്ചവും വഴികാട്ടിയുമാവുമെന്നും ദമ്മാം മീഡിയാ ഫോറം പ്രസിഡന്റ് ചെറിയാന്‍ കിടങ്ങന്നൂര്‍, ജനറല്‍ സെക്രട്ടറി അഷറഫ് ആളത്ത്, ട്രഷറര്‍ നൗഷാദ് ഇരിക്കൂര്‍ എന്നിവര്‍ അനുശോചനസന്ദേശത്തില്‍ വ്യക്തമാക്കി. 

Tags: