വിശ്വാസ്യത വിട്ടുള്ള ലൈക്ക് വേണ്ട: ജോണി ലൂക്കോസ്

എന്റെ പക്ഷം അല്ലെങ്കില്‍ എതിര്‍പക്ഷമെന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറി. ഇതിന്റെ ഇടയ്ക്ക് ഒരിടമില്ലാതായി. നിഷ്പക്ഷതയെന്നത് പക്ഷപാതപരമായി. ഇങ്ങനെ പക്ഷം പിടിച്ചുണ്ടാവുന്ന ഭൂരിപക്ഷ സമ്മര്‍ദങ്ങളും ശക്തമായിട്ടുണ്ട്.

Update: 2020-09-12 15:08 GMT

ദുബയ്: സമൂഹമാധ്യമങ്ങളോടു മല്‍സരിക്കാനായി വ്യാജവാര്‍ത്തകള്‍ നല്‍കാന്‍ ഉത്തരവാദിത്വമുള്ള മാധ്യമങ്ങള്‍ക്ക് കഴിയില്ലെന്നും വിശ്വാസ്യതയാണ് എപ്പോഴും മുഖമുദ്രയാവേണ്ടതെന്നും മനോരമ ന്യൂസ് ഡയറക്ടര്‍ ജോണി ലൂക്കോസ്. കെയുഡബ്യുജെ- ഐഎംഎഫ് സഹകരണത്തോടെ നടത്തിയ മാധ്യമപഠനശിബിരത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു. എന്റെ പക്ഷം അല്ലെങ്കില്‍ എതിര്‍പക്ഷമെന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറി. ഇതിന്റെ ഇടയ്ക്ക് ഒരിടമില്ലാതായി. നിഷ്പക്ഷതയെന്നത് പക്ഷപാതപരമായി. ഇങ്ങനെ പക്ഷം പിടിച്ചുണ്ടാവുന്ന ഭൂരിപക്ഷ സമ്മര്‍ദങ്ങളും ശക്തമായിട്ടുണ്ട്.


 എന്നാല്‍, പത്രപ്രവര്‍ത്തകര്‍ ഇവയ്‌ക്കെല്ലാം അതീതമായി നില്‍ക്കണം. സാമൂഹിക അകലത്തിനൊപ്പം സമൂഹമാധ്യമ അകലം കൂടി പാലിക്കണമെന്ന സ്ഥിതിയായി. കൂടുതല്‍ ലൈക്കുകള്‍ തന്നുള്ള വശത്താക്കലിലും വീഴരുത്. ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍നിന്ന് ദൃശ്യമാധ്യമങ്ങളും ചില രീതികള്‍ ഉള്‍ക്കൊള്ളുന്നുണ്ട്. കൊവിഡ് കാലത്ത് ദൃശ്യസാധ്യതകള്‍ക്ക് പരിമിതിയുണ്ടായപ്പോഴും ഇന്‍ഫോ ഗ്രാഫിക്‌സും മറ്റു സങ്കേതങ്ങളും ഉപയോഗിച്ചിട്ടുണ്ട്. തലക്കെട്ടുകളും മറ്റും കൂടുതല്‍ ആകര്‍ഷകമാക്കുന്ന രീതിവന്നു. ദൃശ്യമാധ്യമങ്ങള്‍ വന്നതോടെ അച്ചടിമാധ്യമങ്ങളിലും ദൃശ്യപരതയ്ക്കു കൂടുതല്‍ പ്രാധാന്യം വന്നിട്ടുണ്ട്.

ഇന്‍ഫോ ഗ്രാഫിക്‌സ് പോലുള്ള കാര്യങ്ങള്‍ ഉപയോഗിച്ച് വാര്‍ത്തയ്ക്ക് ദൃശ്യമിഴിവ് വരുത്താന്‍ അച്ചടി മാധ്യമങ്ങള്‍ ശ്രദ്ധിക്കുന്നു. ദൃശ്യമാധ്യമങ്ങളിലെ ചര്‍ച്ചകള്‍ സംവാദസാധ്യതകളാണ് തേടുന്നത്. എങ്കിലും പങ്കെടുക്കുന്നവരുടെ അഭിപ്രായങ്ങള്‍ പ്രതീക്ഷിതമാവുന്നതിന്റെ പ്രശ്‌നങ്ങളുണ്ട്. സ്വന്തം പക്ഷത്തെ എങ്ങനെയും ജയിപ്പിക്കേണ്ട നില വരുമ്പോഴാണ് അസ്വാരസ്യങ്ങളിലേക്ക് പോവുന്നത്. അവതാരകര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നവരുടെ മാന്യതയെയും അംഗീകരിക്കണം. സാങ്കേതിക മേഖലകളില്‍ ഉള്‍പ്പെടെ വ്യത്യസ്ത കഴിവുകളുള്ളവര്‍ക്കാണ് ഇനി തൊഴില്‍സാധ്യത ഉണ്ടാവുകയെന്നും ആ രീതിയിലേക്ക് ജേണലിസം കോഴ്‌സുകള്‍കൂടി മാറേണ്ടിവരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

Tags: