മാധ്യമ പ്രവര്‍ത്തനം സമൂഹത്തിന് ഗുണകരമായി പ്രയോജനപ്പെടുത്തണം: പി എ എം ഹാരിസ്

ഇന്ത്യന്‍ സോഷ്യല്‍ ഫോറം സൗദി കേരള കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിച്ച ഓണ്‍ലൈന്‍ മാധ്യമ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Update: 2020-10-26 09:01 GMT

ജിദ്ദ: ഒരോരുത്തരും ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും സമൂഹത്തിന്റെ ഗുണകാംക്ഷ മുന്‍ നിര്‍ത്തിയായിരിക്കണം പ്രയോജനപ്പെടുത്തേണ്ടതെന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും തേജസ് ന്യൂസ് എഡിറ്ററുമായ പി എ എം ഹാരിസ് പറഞ്ഞു. ഇന്ത്യന്‍ സോഷ്യല്‍ ഫോറം സൗദി കേരള കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിച്ച ഓണ്‍ലൈന്‍ മാധ്യമ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളുടെയും സാമൂഹ്യമാധ്യമങ്ങളുടെയും സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി വളച്ചുകെട്ടില്ലാതെ വാര്‍ത്തകള്‍ എത്രയുംവേഗം ജനങ്ങളില്‍ എത്തിക്കുകയെന്നതാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വേണ്ട പൊതുവായ ഗുണമെന്ന് അദ്ദേഹം പറഞ്ഞു. കൊവിഡ് വ്യാപനം മൂലം മാറിയ സാഹചര്യത്തില്‍ സമൂഹത്തിന് ഗുണകരമായ പല കാര്യങ്ങളും മാധ്യമങ്ങളിലൂടെ ചെയ്യാന്‍ നമുക്ക് സാധിക്കുമെന്നും നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ അത് ഏകോപിപ്പിക്കാനും എളുപ്പത്തിലാക്കാനും വിവിധ പ്രദേശത്തുള്ളവര്‍ക്ക് സാധിക്കുന്ന തരത്തിലേക്ക് മാധ്യമരംഗം വളര്‍ന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സൗദിയിലെ റിയാദ്, ദമ്മാം, ജിദ്ദ, അബഹ എന്നീ റീജിയണല്‍ കമ്മിറ്റികള്‍ക്ക് കീഴില്‍ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ക്കാണ് ശില്‍പ്പശാല സംഘടിപ്പിച്ചത്. പരിപാടി ഇന്ത്യന്‍ സോഷ്യല്‍ ഫോറം സൗദി നാഷണല്‍ പ്രസിഡന്റ് അഷ്‌റഫ് മൊറയൂര്‍ ഉദ്ഘാടനം ചെയ്തു. മാധ്യമ പ്രവര്‍ത്തന രംഗത്ത് മത്സരബുദ്ധി നല്ലതാണെന്നും എന്നാല്‍ അത് വ്യക്തിഹത്യക്കോ അബദ്ധ പ്രചാരണങ്ങള്‍ക്കോ ആയിക്കൂടെന്നും അഷ്‌റഫ് മൊറയൂര്‍ ഉദ്‌ബോധിപ്പിച്ചു.

Tags:    

Similar News