കുവൈത്തിലെ ടെന്റ് മാര്‍ക്കറ്റില്‍ വന്‍ തീപ്പിടിത്തം

Update: 2022-05-30 19:46 GMT

കുവൈത്ത് സിറ്റി: കുവൈത്തിലെ അല്‍ റായ് പ്രദേശത്ത് വന്‍ തീപ്പിടിത്തം. ടെന്റുകള്‍ നിര്‍മിക്കുന്നതിന് ഉപയോഗിക്കുന്ന നിര്‍മാണ സാമഗ്രികളും മറ്റും വില്‍പ്പന നടത്തിയിരുന്ന താല്‍ക്കാലിക ഷെഡുകളിലാണ് തീപ്പിടിച്ചത്. ടെന്റ് മാര്‍ക്കറ്റിലെ 4000 ചതുരശ്ര മീറ്റര്‍ സ്ഥലത്ത് തീ പടര്‍ന്നുപിടിച്ചതായി കുവൈത്ത് ഫയര്‍ഫോഴ്‌സ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. നാല് അഗ്‌നിശമന സേനാ യൂനിറ്റുകള്‍ സ്ഥലത്തെത്തി ഏറെ ശ്രമകരമായാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപോര്‍ട്ടുകള്‍. നിര്‍മാണ സാമഗ്രികളും മറ്റും കത്തിനശിച്ചതിലൂടെ കോടികളുടെ നഷ്ടമുണ്ടായതായാണ് നിഗമനം. തീപ്പിടിത്തത്തിന്റെ കാരണം ഉള്‍പ്പെടെ കണ്ടെത്താന്‍ ലക്ഷ്യമിട്ട് വിപുലമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്. അഗ്‌നിശമന സേനാംഗങ്ങള്‍ അണയ്ക്കാനുള്ള ശ്രമത്തിനിടെ തീ പടര്‍ന്നപ്പോള്‍ ആകാശത്ത് കറുത്ത പുക ഉയരുന്നതിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഏകദേശം 4 കിലോമീറ്റര്‍ ചുറ്റളവില്‍ തീ പടര്‍ന്നതായും സമീപത്തെ ഷെഡുകളെ ബാധിച്ചതായും കുവൈത്ത് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു.

Tags: