പരിധിയില്‍ കൂടുതല്‍ പണം അയച്ചതിന് ജയിലിലായി; ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും മോചനം ലഭിക്കാതെ കോഴിക്കോട് സ്വദേശി

അലി ജയിലില്‍ ആയതോടെ കിടപ്പിലായ മാതാവ് മകനെ അവസാനമായിട്ട് ഒന്നു കാണണമന്ന ആഗ്രഹം പൂര്‍ത്തിയാക്കാന്‍ കഴിയാതെ കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങി.

Update: 2019-03-03 11:58 GMT

ജിദ്ദ: നിശ്ചിത പരിധിയില്‍ കൂടുതല്‍ പണം നാട്ടിലേക്ക് അയച്ച കുറ്റത്തിന് ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശിക്ക് ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും മോചനമായില്ല. സ്വന്തം ഇഖാമയില്‍ കൂടുതല്‍ പണം അയച്ച കുറ്റത്തിന് കോഴിക്കോട് കൊടുവള്ളി സ്വദേശി അലി(50) രണ്ടര വര്‍ഷം മുമ്പാണ് അധികൃതരുടെ പിടിയിലാകുന്നത്. മക്കയിലെ ഒരു സൂപ്പര്‍മാര്‍കറ്റില്‍ ജോലി ചെയ്തുവരുന്നതിനിടെയായിരുന്നു സംഭവം. കോടതി വിധി പ്രകാരം രണ്ടു വര്‍ഷത്തെ തടവ് ശിക്ഷ പൂര്‍ത്തിയാക്കി മാസങ്ങള്‍ കഴിഞ്ഞിട്ടും ഇനി എന്ന് മോചനമാകുമെന്ന് അറിയാതെ ആശങ്കയിലാണ് കുടുംബാംഗങ്ങള്‍.

അലി ജയിലില്‍ ആയതോടെ കിടപ്പിലായ മാതാവ് മകനെ അവസാനമായിട്ട് ഒന്നു കാണണമന്ന ആഗ്രഹം പൂര്‍ത്തിയാക്കാന്‍ കഴിയാതെ കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങി.

വിവിധ ആരോഗ്യപ്രശ്‌നങ്ങളാല്‍ വിഷമിക്കുന്ന അലിയുടെ ജയില്‍ മോചനം വേഗത്തിലാക്കണമെന്ന് അഭ്യര്‍ഥിച്ച് മാസങ്ങള്‍ക്കു മുമ്പ് അലിയുടെ ഭാര്യ ഇന്ത്യന്‍ എംബസിക്ക് കത്ത് അയച്ചിരുന്നു. എന്നാല്‍ ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്തു നിന്ന് ഇതുവരെ ഒരു നടപടിയും ഉണ്ടായില്ല.

വിഷയത്തില്‍ ഇടപെട്ട് ആവശ്യമായ നടപടി സ്വീകരിക്കുന്നതിനായി അലിയുടെ ബന്ധുക്കള്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകരെ സമീപിച്ചിരിക്കുകയാണ്. സോഷ്യല്‍ ഫോറം സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് അഷ്‌റഫ് മൊറയൂര്‍, വെല്‍ഫെയര്‍ ഇന്‍ചാര്‍ജ് ഫൈസല്‍ മമ്പാട് നടത്തിയ അന്വേഷണത്തില്‍ ശിക്ഷാ കാലാവധി കഴിഞ്ഞെങ്കിലും മോചനത്തിനാവശ്യമായ നടപടികളൊന്നും ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്തു നിന്നുണ്ടായിട്ടില്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതരുമായി ബന്ധപ്പെട്ട് ജയില്‍ മോചനം വേഗത്തിലാക്കാന്‍ നടപടി സ്വീകരിച്ചതായി ഇന്ത്യന്‍ സോഷ്യല്‍ ഫോറം വെല്‍ഫെയര്‍ വിഭാഗം അറിയിച്ചു.




Tags:    

Similar News