എം എ യൂസഫലിയുടെ ഇടപെടലില്‍ സൗദിയില്‍ മരിച്ച ബാബുവിന്റെ മൃതദേഹം ഉടന്‍ നാട്ടിലെത്തും

ലിഫ്റ്റിന്റെ കുഴിയില്‍ വീണു മരിച്ച തിരുവനന്തപുരം കരകുളം ചീക്കോണം ബാബു സദനത്തില്‍ ബാബുവിന്റെ (41) മൃതദേഹമാണ് ലുലു ഗ്രൂപ്പ് മാനേജിങ് ഡയറക്ടറും നോര്‍ക വൈസ് ചെയര്‍മാനുമായ എം എ യൂസുഫലിയുടെ ഇടപെടലില്‍ നാട്ടിലെത്തിക്കാന്‍ നടപടി തുടങ്ങിയത്.

Update: 2022-06-18 15:27 GMT

ഖമീസ് മുശൈത്ത്: കെട്ടിടത്തിന്റെ മുകളില്‍നിന്ന് വീണു മരിച്ച തിരുവനന്തപുരം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി ഊര്‍ജ്ജിതമാക്കി. ലിഫ്റ്റിന്റെ കുഴിയില്‍ വീണു മരിച്ച തിരുവനന്തപുരം കരകുളം ചീക്കോണം ബാബു സദനത്തില്‍ ബാബുവിന്റെ (41) മൃതദേഹമാണ് ലുലു ഗ്രൂപ്പ് മാനേജിങ് ഡയറക്ടറും നോര്‍ക വൈസ് ചെയര്‍മാനുമായ എം എ യൂസുഫലിയുടെ ഇടപെടലില്‍ നാട്ടിലെത്തിക്കാന്‍ നടപടി തുടങ്ങിയത്.

വെള്ളിയാഴ്ച തിരുവനന്തപുരത്ത് ലോക കേരളസഭ സമ്മേളനത്തിലെ ഓപണ്‍ ഹൗസില്‍ ബാബുവിന്റെ മകന്‍ എബിന്‍ പിതാവിന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ എം എ യൂസുഫലിയോട് സഹായം തേടിയിരുന്നു. തുടര്‍ന്ന് അവിടെവച്ച് തന്നെ അദ്ദേഹം വിഷയത്തിലിടപെടാമെന്ന് ഉറപ്പുനല്‍കുകയും സൗദിയിലെ സൗദിയിലെ ലുലു ഗ്രൂപ് ഡയറക്ടര്‍ മുഹമ്മദ് ഷഹീമിനെ വിളിച്ച് മൃതദേഹം നാട്ടിലെത്തിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്യുകയായിരുന്നു.

മുഹമ്മദ് ഷഹീം ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജീവകാരുണ്യവിഭാഗം അംഗവും ഒഐസിസി നേതാവും അബഹയിലെ ജീവകാരുണ്യ പ്രവര്‍ത്തകനുമായ അഷ്‌റഫ് കുറ്റിച്ചലിനെയും റിയാദിലെ സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ട്കാടിനെയും ബന്ധപ്പെട്ട് ആവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഇരുവരുടെയും പേരില്‍ കുടുംബത്തിന്റെ അനുമതി പത്രം നല്‍കി. അഷ്‌റഫ് കുറ്റിച്ചലും മാധ്യമപ്രവര്‍ത്തകന്‍ മുജീബ് എള്ളുവിളയും ബാബുവിന്റെ സ്‌പോണ്‍സറുടെ നാടായ തരിബില്‍ എത്തി അദ്ദേഹത്തെ കണ്ട് മൃതദേഹം നാട്ടില്‍ അയക്കാന്‍ സഹായം തേടി.ബാബുവിന്റെ പാസ്‌പോര്‍ട്ടും മൃതദേഹം നാട്ടില്‍ അയക്കുന്നതിന് തടസ്സങ്ങള്‍ ഒന്നുമില്ല എന്ന രേഖയും കൈമാറി.

തുടര്‍ന്ന് മൃതദേഹം സൂക്ഷിച്ച അഹദ് റുഫൈദ ജനറല്‍ ആശുപത്രിയില്‍ എത്തി ഓങ്കോളജി വിഭാഗം ഡയറക്ടറില്‍നിന്ന് മരണം സ്ഥിരീകരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടും വാങ്ങി. ശനിയാഴ്ച സര്‍ക്കാര്‍ ഓഫിസുകളും കോണ്‍സുലേറ്റും അവധിയായതിനാല്‍ ബാക്കി രേഖകള്‍ ഞായറാഴ്ച ശരിയാക്കാന്‍ വേണ്ട നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.

നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ലുലു ഗ്രൂപ്പിന്റെ രണ്ട് പ്രതിനിധികളും അബഹയില്‍ എത്തിയിട്ടുണ്ട്. ഏഴുവര്‍ഷമായി സൗദിയില്‍ ടൈല്‍സ് ജോലി ചെയ്യുകയായിരുന്നു ബാബു. നാല് വര്‍ഷം മുമ്പാണ് അവസാനമായി നാട്ടില്‍ എത്തിയത്. തിരിച്ചെത്തിയ ശേഷം ജോലിയില്‍ തുടര്‍ന്നെങ്കിലും മൂന്ന് വര്‍ഷം മുമ്പ് ബാബു തന്റെ കീഴില്‍നിന്ന് ഒളിച്ചോടി എന്ന് സ്‌പോണ്‍സര്‍ സൗദി പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റില്‍ (ജവാസത്ത്) പരാതിപ്പെട്ട് 'ഹുറൂബ്' എന്ന കേസില്‍പ്പെടുത്തിയിരുന്നു. ഇതുമൂലമുള്ള നിയമകുരുക്കിലായിരുന്നു ബാബു.

അതിനിടയിലാണ് പണി നടക്കുന്ന കെട്ടിടത്തിനുള്ളില്‍ ലിഫ്റ്റ് സ്ഥാപിക്കാനായി എടുത്ത കുഴിയില്‍ വീണ് മരിക്കുന്നത്. മൃതദേഹം നാട്ടില്‍ എത്തിക്കണം എന്ന ആവശ്യം നിരവധി ഖമീസ് മുശൈത്തിലെ പ്രവാസി സംഘടനകളുടെയും ജീവകാരുണ്യപ്രവര്‍ത്തകളുടെയും ശ്രദ്ധയില്‍പെട്ടിരുന്നെങ്കിലും നാട്ടില്‍ അയക്കുന്നതിന് വേണ്ടിവരുന്ന ചെലവിനുള്ള പണം കണ്ടെത്തുന്നതിനുള്ള പ്രയാസവും സംഭവത്തില്‍ പോലിസ് അന്വേഷണം പൂര്‍ത്തിയാകാത്തതും 'ഹുറൂബ്' നിയമകുരുക്കുമാണ് താമസം നേരിടാന്‍ ഇടയാക്കിയത്. ഒടുവില്‍ ലോക കേരളസഭയിലെ ഓപണ്‍ ഹൗസ് വഴി എം എ യൂസുഫലി ഇടപെട്ടതോടെ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരമായി. ദിവസങ്ങള്‍ക്കകം മൃതദേഹം നാട്ടിലെത്തും. ഉഷയാണ് ഭാര്യ.

Tags: