ലോക്ക് ഡൗണില്‍ അജ്മാനില്‍ കുടുങ്ങിയ കോഴിക്കോട് സ്വദേശികള്‍ക്ക് തുണയായി കേരള പ്രവാസി ഫോറം പ്രവര്‍ത്തകര്‍

താല്‍ക്കാലിക ജോലിയില്‍ തുടരവെയാണ് അപ്രതീക്ഷിതമായി കൊവിഡും ലോക്ക് ഡൗണുമുണ്ടാവുന്നത്. ഇതെത്തുടര്‍ന്ന് ജോലിയും താമസ സ്ഥലവും നഷ്ടമായി.

Update: 2020-06-28 16:17 GMT

അജ്മാന്‍: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക് ഡൗണിനെത്തുടര്‍ന്ന് അജ്മാനില്‍ കുടുങ്ങിപ്പോയ കോഴിക്കോട് സ്വദേശികള്‍ക്ക് തുണയായതും നാട്ടിലേക്ക് മടങ്ങാന്‍ അവസരമൊരുങ്ങിയതും എസ്ഡിപിഐയുടെയും കേരള പ്രവാസി ഫോറം പ്രവര്‍ത്തകരുടെയും ഇടപെടല്‍. കോഴിക്കോട് സ്വദേശികളായ യൂനുസ്, ദില്‍ഷാദ്, ശഹദ് എന്നിവര്‍ തൊഴില്‍ തേടിയാണ് വിസിറ്റിങ് വിസയില്‍ അജമാനിലെത്തുന്നത്. താല്‍ക്കാലിക ജോലിയില്‍ തുടരവെയാണ് അപ്രതീക്ഷിതമായി കൊവിഡും ലോക്ക് ഡൗണുമുണ്ടാവുന്നത്. ഇതെത്തുടര്‍ന്ന് ജോലിയും താമസ സ്ഥലവും നഷ്ടമായി. നാട്ടില്‍നിന്ന് എസ്ഡിപിഐ പ്രാദേശികനേതൃത്വം അറിയിച്ചതുപ്രകാരം റാസല്‍ ഖൈമയിലെ കേരള പ്രവാസി ഫോറം പ്രവര്‍ത്തകരിലൂടെയാണു അജ്മാനിലേക്ക് യുവാക്കള്‍ കുടുങ്ങിയ വിവരം ലഭിക്കുന്നത്.

കേരള പ്രവാസി ഫോറം ഹെല്‍പ്പ് ഡെസ്‌ക് വളന്റിയര്‍ മുഹമ്മദ് അലി കട്ടയില്‍ ഇവരെ ചെന്നുകാണുകയും വിവരങ്ങള്‍ ആരായുകയും തൊഴില്‍ ചെയ്ത ഉടമയുമായി സംസാരിക്കുകയും ചെയ്തു. താമസസൗകര്യമൊരുക്കാന്‍ തൊഴിലിടത്തില്‍ ഒരു നിവൃത്തിയുമില്ലെന്ന് ബോധ്യമായതോടെ അജ്മാനില്‍തന്നെ ഒരു മുറിയും ഭക്ഷണത്തിനുള്ള സൗകര്യവും ഏര്‍പ്പാടാക്കി. തുടര്‍ന്ന് ഇവരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ പ്രവാസി ഫോറം പ്രവര്‍ത്തകര്‍ ആരംഭിച്ചു. ഇന്ത്യന്‍ എംബസിയുടെ കനിവിനായി പല വാതിലുകളും മുട്ടി.

ചാനലുകള്‍, റേഡിയോ, പത്രമാധ്യമങ്ങളില്‍ കണ്ട ഫ്രീ ടിക്കറ്റ് നല്‍കുന്നവര്‍ക്ക് മെയിലും മെസേജും അയച്ചു. എന്നാല്‍, യാതൊരു ഫലവും ലഭിക്കാതെ വന്നതോടെ ചാര്‍ട്ടേഡ് ഫ്‌ളൈറ്റില്‍തന്നെ നാട്ടിലേക്ക് മടങ്ങാന്‍ അവസരമൊരുക്കുകയായിരുന്നു. ഇവരുടെ ബന്ധുക്കള്‍ ചേര്‍ന്നാണ് ടിക്കറ്റിന് സൗകര്യമൊരുക്കിയത്. അജ്മാനില്‍നിന്ന് യൂനുസും സുഹൃത്തും ശനിയാഴ്ച നാട്ടിലേക്ക് മടങ്ങി. കേരള പ്രവാസി ഫോറം പ്രവര്‍ത്തകരായ അനൂപ് റാസല്‍ ഖൈമ, മുഹമ്മദ് അലി കട്ടയില്‍, നസീര്‍ ചുങ്കത്ത്, സജീര്‍ കട്ടയില്‍ തുടങ്ങിയവര്‍ അടക്കം തങ്ങളെ സഹായിച്ചവര്‍ക്ക് യൂനുസ് നന്ദി അറിയിച്ചു. 

Tags:    

Similar News