ലോക്ക് ഡൗണ്‍ തടസമായില്ല; കര്‍ണാടക സ്വദേശിയുടെ മൃതദേഹം സൗദിയില്‍ ഖബറടക്കി

അബഹയില്‍ അല്‍ അദ് വാനി സ്റ്റീല്‍ കമ്പനിയില്‍ ഹെവി ഡ്രൈവറായി ജോലിചെയ്തിരുന്ന അംജദ് ഖാന്, താമസസ്ഥലത്ത് വൈകീട്ട് 7 മണിയോടുകൂടി ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു.

Update: 2020-04-29 16:18 GMT

മുഹമ്മദ് കോയ ചേലേമ്പ്ര

അബഹ: ഹൃദയാഘാതം മൂലം അബഹ മദീന സുല്‍ത്താനില്‍ മരണപ്പെട്ട കര്‍ണാടക തുംകൂര്‍ സ്വദേശി അംജദ് ഖാന്റെ (38) മൃതദേഹം ഏറെ പരിശ്രമങ്ങള്‍ക്കൊടുവില്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകര്‍ കഴിഞ്ഞദിവസം സറാത്ത ബീദ ഖബര്‍സ്ഥാനില്‍ ഖബറടക്കി. അബഹയില്‍ അല്‍ അദ് വാനി സ്റ്റീല്‍ കമ്പനിയില്‍ ഹെവി ഡ്രൈവറായി ജോലിചെയ്തിരുന്ന അംജദ് ഖാന്, താമസസ്ഥലത്ത് വൈകീട്ട് 7 മണിയോടുകൂടി ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു. കൂടെ താമസിക്കുന്നവര്‍ വിവരമറിയിച്ചതനുസരിച്ച് ആംബുലന്‍സും പോലിസുമെത്തി ആശുപത്രിയിലെത്തിച്ചു സിപിആര്‍ കൊടുത്തെങ്കിലും മരണപ്പെടുകയായിരുന്നു.

ബന്ധുക്കളായി അബഹയില്‍ ആരുമില്ലാത്ത സാഹചര്യത്തില്‍ അസീര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം സെന്‍ട്രല്‍ കമ്മിറ്റി എക്‌സിക്യൂട്ടീവ് അംഗവും സിപിഡബ്ല്യുഎ മെംബറുമായ ഹനീഫ് മഞ്ചേശ്വരം മദീന സുല്‍ത്താന്‍ പോലിസ് മേധാവി സയ്യിദ് അഹമ്മദ് ശഹ്‌റാനിയുടെ നിര്‍ദേശപ്രകാരം വക്കാലത്ത് ഏറ്റെടുത്ത് നിയമനടപടികള്‍ക്ക് തയ്യാറായി. കൊവിഡ് 19 മൂലം കര്‍ഫ്യൂ ഉള്ളതുകൊണ്ട് ഏറെ പരിശ്രമത്തിനൊടുവിലാണ് മയ്യത്ത് ഖബറടക്കാനായത്. ഖമീസ് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതശരീരം ഖബറടക്കാനുള്ള അനുമതിപത്രവുമായി അധികാരികളെ സമീപിച്ചപ്പോള്‍ കിലോമീറ്ററുകള്‍ക്കപ്പുറത്തുള്ള സറാത്തബീദ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയെന്നാണറിയാന്‍ കഴിഞ്ഞത്.

തുടര്‍ന്ന് സോഷ്യല്‍ ഫോറം സെന്‍ട്രല്‍ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം പ്രസിഡന്റ് കോയ ചേലേമ്പ്ര, അബ്ഹ ഖമീസ് ഫോറം പ്രവര്‍ത്തകരായ മൊയ്തു കോതമംഗലം, സാദിഖ് ചിറ്റാര്‍, ഹനീഫ ജോക്കട്ടെ, നവാസ് എടവനക്കാട്, മൂസ കക്കാട്, ഷാഹുല്‍ അബഹ എന്നിവരുടെ കാര്‍മികത്വത്തില്‍ സറാത്ത ബീദ ഖബര്‍സ്ഥാനില്‍ ഖബറടക്കാനായി. സൗദിയിലെത്തിയിട്ട് വെറും രണ്ടുമാസം മാത്രമായ അംജദ്ഖാന് ഭാര്യയും ഏഴും 11 ഉം വയസായ രണ്ടുകുട്ടികളും നാട്ടിലുണ്ട്. സോഷ്യല്‍ ഫോറം പ്രവര്‍ത്തകര്‍ കമ്പനിയുമായി സംസാരിച്ചതിന്റെ ഫലമായി ഇഖാമ പോലും എടുക്കുന്നതിന്ന് മുമ്പ് മരണപ്പെട്ട ഖാന്റെ കുടുംബത്തിന് 1.25 ലക്ഷം രൂപ തന്ന് സ്‌പോണ്‍സറും കനിവ് കാട്ടി.

Tags:    

Similar News