കുവൈത്തില്‍ വരുംദിവസങ്ങളില്‍ അതിശൈത്യം അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍

വടക്കന്‍ അറേബ്യന്‍ ഉപദ്വീപിന്റെ മുകള്‍ ഭാഗങ്ങളില്‍ രൂപപ്പെട്ട തണുത്ത വായുവിന്റെ സാന്നിധ്യമാണ് രാജ്യത്ത് ശൈത്യം ശക്തമാവാന്‍ കാരണമായത്.

Update: 2020-12-26 15:26 GMT

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇന്ന് മുതല്‍ അന്തരീക്ഷ താപനിലയില്‍ ഗണ്യമായ കുറവുണ്ടാവാന്‍ സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷകന്‍ ആദില്‍ അല്‍ യൂസഫ് മുന്നറിയിപ്പ് നല്‍കി. രാജ്യനിവാസികള്‍ വരുംദിവസങ്ങളില്‍ ജാഗ്രതപാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ ദിവസങ്ങളില്‍ പുലര്‍കാലങ്ങളില്‍ അന്തരീക്ഷ താപനില 9 ഡിഗ്രീ സെല്‍ഷ്യസിനു താഴെ ആയിരിക്കുകയും ഉച്ചനേരങ്ങളില്‍ ഇത് പരമാവധി 15 ഡിഗ്രി മുതല്‍ 12 ഡിഗ്രി സെല്‍ഷ്യസ് വരെ താഴെ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വടക്കന്‍ അറേബ്യന്‍ ഉപദ്വീപിന്റെ മുകള്‍ ഭാഗങ്ങളില്‍ രൂപപ്പെട്ട തണുത്ത വായുവിന്റെ സാന്നിധ്യമാണ് രാജ്യത്ത് ശൈത്യം ശക്തമാവാന്‍ കാരണമായത്. വടക്ക് തുര്‍ക്കി മുതല്‍ തെക്ക് അറേബ്യന്‍ ഉപദ്വീപിന്റെ വടക്ക് വരെ ഈ ദിവസങ്ങളില്‍ അതിശൈത്യം അനുഭവപ്പെടും. മണിക്കൂറില്‍ 35 കിലോമീറ്റര്‍ കൂടുതല്‍ വേഗതയില്‍ വടക്കുപടിഞ്ഞാറന്‍ ദിശയില്‍ കാറ്റുവീശുമെന്നും ആദില്‍ അല്‍ യൂസുഫ് വ്യക്തമാക്കി. പുതുവര്‍ഷാരംഭം വരെ തണുത്ത കാലാവസ്ഥ തുടരുന്നതായിരിക്കും. ഇന്നലെ രാത്രി മുതല്‍ രാജ്യത്ത് അന്തരീക്ഷ താപനില കുറയുകയും ഇന്ന് കാലത്ത് മുതല്‍ ശൈത്യം ശക്തിപ്രാപിക്കുകയും ചെയ്തിട്ടുണ്ട്.

Tags:    

Similar News