കുവൈത്തില്‍ ആഭ്യന്തര മന്ത്രാലയത്തിലെ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറിയെ സസ്‌പെന്റ് ചെയ്തു

വിസ കച്ചവടം, മനുഷ്യക്കടത്ത് കുറ്റങ്ങളില്‍ പിടിയിലായ ബംഗ്ലാദേശ് പാര്‍ലമന്റ് അംഗത്തിന്റെ അനധികൃത ഇടപാടുകളുമായി ബന്ധപ്പെട്ട അന്വേഷണത്തിനു പിന്നാലെയാണ് നടപടി എന്ന് അല്‍ റായ് ദിന പത്രം റിപ്പോര്‍ട്ട് ചെയ്തു.

Update: 2020-06-30 12:31 GMT

കുവൈത്ത് സിറ്റി: കുവൈത്തില്‍ ആഭ്യന്തര മന്ത്രാലയത്തിലെ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറിയും പാസ്സ്‌പോര്‍ട്ട്- കുടിയേറ്റ വിഭാഗം മുന്‍ ഡയരക്റ്റര്‍ ജനറലുമായ ഷൈഖ് മാസിന്‍ അല്‍ ജറാഹിനെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. ആഭ്യന്തര മന്ത്രി അനസ് അല്‍ സാലിഹ് ആണ് ഇതുസംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. വിസ കച്ചവടം, മനുഷ്യക്കടത്ത് കുറ്റങ്ങളില്‍ പിടിയിലായ ബംഗ്ലാദേശ് പാര്‍ലമന്റ് അംഗത്തിന്റെ അനധികൃത ഇടപാടുകളുമായി ബന്ധപ്പെട്ട അന്വേഷണത്തിനു പിന്നാലെയാണ് നടപടി എന്ന് അല്‍ റായ് ദിന പത്രം റിപ്പോര്‍ട്ട് ചെയ്തു.

നേരത്തെ പാസ്സ്‌പോര്‍ട്ട് -താമസ കുടിയേറ്റ വകുപ്പില്‍ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ആയിരുന്ന ഷൈഖ് മാസിനെ കഴിഞ്ഞ മാസം മന്ത്രാലയത്തില്‍ നടത്തിയ അഴിച്ചു പണിയില്‍ സാങ്കേതിക പരിശീലന വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. രാജ കുടുംബത്തിലെ മുതിര്‍ന്ന അംഗമായ ഇദ്ദേഹം മുന്‍ ആഭ്യന്തര മന്ത്രിയുടെ സഹോദരനാണ്.

അറസ്റ്റിലായ ബംഗ്ലാദേശ് പാര്‍ലമന്റ് അംഗത്തിന്റ അനധികൃത ഇടപാടുകളുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നു വരികയാണ്. നിലവില്‍ 2 പാര്‍ലമന്റ് അംഗങ്ങള്‍ക്ക് ഇടപാടില്‍ പങ്കുള്ളതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പാര്‍ലമന്റ് അംഗങ്ങള്‍ എന്ന നിലയിലുള്ള ഇവരുടെ പരിരക്ഷ നീക്കം ചെയ്യുന്നതിന് പബ്ലിക് പ്രോസിക്യൂഷന്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ കരാറില്‍ 20,000ത്തോളം ബംഗ്ലാദേശികളെ രാജ്യത്ത് കൊണ്ട് വരികയും ഇവരില്‍ നിന്ന് 5 കോടിയോളം ദിനാര്‍ വിസക്കായി വസൂലാക്കിയെന്നുമാണ് കേസ്. ഇതുമായി ബന്ധപ്പെട്ട് ഈ മാസം ആദ്യത്തിലാണ് ബംഗ്ലാദേശ് പാര്‍ലമന്റ് അംഗം ഷാഹിദ് അല്‍ ഇസ്‌ലാമിനെ കുവൈത്ത് രഹസ്യാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തത്.

Tags:    

Similar News