റിയാദില്‍ കെഎംസിസി നേതാവ് താമസസ്ഥലത്ത് കൊല്ലപ്പെട്ട നിലയില്‍; കൊലപാതകത്തിന് പിന്നില്‍ മോഷണ ശ്രമമെന്ന് സംശയം

Update: 2025-02-04 12:42 GMT

റിയാദ്: സൗദി അറേബ്യയിലെ റിയാദില്‍ കെ.എം.സി.സി നേതാവും സാമൂഹിക പ്രവര്‍ത്തകനുമായ ശമീര്‍ അലിയാരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.എറണാകുളം മുവാറ്റുപുഴ സ്വദേശിയാണ്. ഞായറാഴ്ച മുതല്‍ ഇദ്ദേഹത്തെ കുറിച്ച് വിവരമൊന്നും ലഭിക്കാത്തതിനെതുടര്‍ന്ന് സുഹൃത്തുക്കള്‍ പോലിസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് മരണം സ്ഥിരീകരിച്ചത്. തനിച്ചാണ് താമസം. ശരീരത്തില്‍ കുത്തേറ്റ പാടുകളുണ്ട്. ആക്രമിക്കപ്പെട്ടതാണെന്നാണ് പ്രാഥമികനിഗമനം. കൊലപ്പെടുത്തിയത് മോഷ്ടാക്കളെന്ന് സംശയം. ശമീര്‍ അലിയാരുടെ പണവും മൊബൈലും കാറും നഷ്ടമായി. ശമീറിന്റെ മൃതദേഹത്തില്‍ മുറിവേറ്റ പാടുകളുണ്ടെന്നാണ് വിവരം.

കെ.എം.സി.സി എറണാകുളം കമ്മിറ്റി എക്സിക്യുട്ടീവ് അംഗമാണ് ശമീര്‍. ഭാര്യയും മൂന്നു കുട്ടികളുമുണ്ട്. മൃതദേഹവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാമൂഹിക പ്രവര്‍ത്തകന്‍ സിദ്ദീഖ് തുവ്വൂര്‍ രംഗത്തുണ്ട്.

കൊലപാതകികളെ കണ്ടെത്താനായി പോലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. മലയാളി സമൂഹം കനത്ത ഞെട്ടലോടെയാണ് ശമീര്‍ അലിയാരുടെ കൊലപാതക വിവരത്തോട് പ്രതികരിച്ചത്. കെ.എം.സി.സിയുടെ പരിപാടികളില്‍ നിറ സാന്നിധ്യമായിരുന്നു ശമീര്‍.




Tags: