പ്രവാസി സംരംഭകരോടുള്ള സിപിഎം നിലപാട്: കൈരളി ചാനലിൽ നിന്ന് മാധ്യമപ്രവർത്തകൻ രാജിവച്ചു

Update: 2019-06-23 10:05 GMT

കുവൈത്ത്‌: പ്രവാസി സംരംഭകരോടുള്ള പാർട്ടി നിലപാടിൽ പ്രതിഷേധിച്ച് കൈരളി ചാനൽ കുവൈത്ത്‌ ബ്യൂറോയിലെ മാധ്യമ പ്രവർത്തകനായ റെജി ഭാസ്കർ തൽസ്ഥാനം രാജിവച്ചു. മാസങ്ങൾക്ക്‌ മുമ്പ്‌ ഇദ്ദേഹം നാട്ടിൽ ആരംഭിച്ച സംരംഭത്തിനെതിരെ പ്രാദേശിക സിപിഎം നേതാക്കൾ രംഗത്ത്‌ വന്നതിനെതുടർന്ന് പാർട്ടിയുടെ ഉന്നത നേതൃത്വത്തിനു പരാതി നൽകിയിരുന്നു. ഇതിൽ യാതൊരു വിധ നടപടികളും ഉണ്ടാകാത്തതിൽ പ്രതിഷേധിച്ചാണു രാജി.

കൈരളി ചാനലിന്റെ കുവൈത്ത്‌ ബ്യൂറോയിലെ മാധ്യമപ്രവർത്തകനും കോഴിക്കോട്‌ വേങ്ങേരി സ്വദേശിയുമായ റെജി ഭാസ്കറാണു ചാനലിന്റെ ഔദ്യോഗിക പദവിയിൽ നിന്നും രാജിവച്ചത്‌. മാസങ്ങൾക്ക്‌ മുമ്പ്‌ ഇദ്ദേഹം വൻ തുക ലോണെടുത്ത്‌ കോഴിക്കോട്‌ വെങ്ങേരിയിൽ വാട്ടർ സർവ്വീസ്‌ സെന്റർ ആരംഭിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കിയിരുന്നു. സ്വന്തമായി വാങ്ങിയ 7 സെന്റ്‌ സ്ഥലത്തായിരുന്നു വാട്ടർ സർവീസ്‌ സെന്ററിനുള്ള ഷെഡ്ഡ് നിർമിച്ചത്‌. എന്നാൽ സമീപത്തുള്ള പുഴയിൽ മലിനീകരണം സംഭവിക്കുമെന്ന കാരണം പറഞ്ഞ്‌ സംരഭത്തിന് എതിരെ പ്രാദേശിക സിപിഎം, ഡിവൈഎഫ്‌ഐ നേതാക്കൾ രംഗത്തു വന്നു. പുഴയുടെ തീരത്ത്‌ നിന്നും 15 മീറ്ററിനകത്തു നിർമാണം പാടില്ലെന്നതാണു ചട്ടം. എന്നാൽ 75 മീറ്റർ ദൂര പരിധിയിലാണു ഷെഡ്‌ നിർമിച്ചത്‌. മാത്രവുമല്ല കോഴിക്കോട്‌ കോർപ്പറേഷൻ, ടൗൺ പ്ലാനിങ് സമിതി മുതലായ ഏജൻസികളിൽ നിന്ന് സംരഭത്തിനുള്ള അനുമതി ലഭിക്കുകയും ചെയ്തിരുന്നു. എന്നിട്ടും പാർട്ടിക്കാർ സംരഭത്തിനു എതിരെ ഉറച്ചു നിൽക്കുകയും ഷെഡ്ഡിൽ അതിക്രമിച്ചു കടന്ന് ഉപകരണങൾ നശിപ്പിക്കുകയും ചെയ്തു.

ഇതിനെതിരെ കുവൈത്തിലെ പാർട്ടി നേതാക്കൾ മുഖേന മുഖ്യമന്ത്രി, സംസ്ഥാന സെക്രട്ടറി, കോഴിക്കോട്‌ ജില്ലാ സെക്രട്ടറി എന്നിവർക്ക്‌ പരാതി നൽകിയെങ്കിലും പ്രാദേശിക നേതാക്കൾ പിന്മാറിയില്ല. മുഖ്യമന്ത്രി തന്നെ നേരിട്ട്‌ പറഞ്ഞാലും സമരത്തിൽ നിന്ന് പിന്മാറില്ലെന്ന് പ്രാദേശിക നേതാക്കൾ റെജിയെ ഭീഷണി സ്വരത്തിൽ അറിയിക്കുകയും ചെയ്തു. ഇതേത്തുടർന്ന് ഒരു വർഷമായിട്ടും സർവീസ്‌ സെന്റർ തുറക്കാൻ സാധിച്ചില്ലെന്ന് മാത്രമല്ല സ്ഥാപനത്തിൽ ഇതിനകം സ്ഥാപിച്ച വൻ വിലയുള്ള ഉപകരണങ്ങൾ തുരുമ്പെടുത്ത്‌ നശിക്കുകയും ചെയ്തു. വിഷയത്തിൽ സംസ്ഥാന നേതാക്കൾ ഇടപെട്ടിട്ടു പോലും പ്രശ്നം പരിഹരിക്കാത്തതിൽ പ്രതിഷേധിച്ചാണു പാർട്ടി ചാനലിൽ നിന്നും രാജിവയ്ക്കുന്നതെന്ന് റെജി വ്യക്തമാക്കി. ആന്തൂരിൽ പ്രവാസി സംരംഭകന്റെ ആത്മഹത്യ വാർത്തക്ക്‌ പിന്നാലെ പുറത്ത്‌ വരുന്ന സമാന സംഭവം വരും ദിവസങ്ങളിൽ സിപിഎമ്മിന് പുതിയ തലവേദനയാകും.