ജലീബ് മേഖലയില്‍ സുരക്ഷാപരിശോധന; നിരവധി നിയമലംഘകര്‍ പിടിയില്‍

ഹസാവി പ്രദേശത്താണു ഇന്നു രാവിലെ പ്രധാനമായും തിരച്ചില്‍ നടത്തിയത്. ഇതിനു പുറമേ പ്രദേശത്ത് മാലിന്യങ്ങള്‍ കെട്ടിക്കിടക്കുന്ന സ്ഥലങ്ങളില്‍ മുനിസിപ്പല്‍ ഉദ്യോഗസ്ഥര്‍ സന്ദര്‍ശിക്കുകയും പ്രദേശം പ്രത്യേകം അടയാളപ്പെടുത്തുകയും ചെയ്തു.

Update: 2019-10-17 12:20 GMT

കുവൈത്ത് സിറ്റി: ജലീബ് അല്‍ ഷുയൂക് മേഖലയില്‍ ആഭ്യന്തരമന്ത്രാലയം മുനിസിപ്പല്‍ അധികൃതരുമായി സംയുക്തമായി നടത്തിയ ശക്തമായ സുരക്ഷാപരിശോധനയില്‍ നിയമലംഘകരായ നിരവധി പേര്‍ പിടിയിലായി. ഹസാവി പ്രദേശത്താണു ഇന്നു രാവിലെ പ്രധാനമായും തിരച്ചില്‍ നടത്തിയത്. ഇതിനു പുറമേ പ്രദേശത്ത് മാലിന്യങ്ങള്‍ കെട്ടിക്കിടക്കുന്ന സ്ഥലങ്ങളില്‍ മുനിസിപ്പല്‍ ഉദ്യോഗസ്ഥര്‍ സന്ദര്‍ശിക്കുകയും പ്രദേശം പ്രത്യേകം അടയാളപ്പെടുത്തുകയും ചെയ്തു. സിവിലിയന്‍ വേഷത്തിലാണു ഭൂരിഭാഗം ഉദ്യോഗസ്ഥരും തിരച്ചിലില്‍ പങ്കെടുത്തത്.

ഫര്‍വാനിയ ഗവര്‍ണറേറ്റ് സെക്യൂരിറ്റി വിഭാഗം മേധാവി മേജര്‍ ജനറല്‍ അബ്ദുല്ല അല്‍ അലി, ജിലീബ് അല്‍ ശുയൂഖ് ഏരിയ കമാന്‍ഡര്‍ ഇന്‍ ചീഫ് ഇബ്രാഹിം അല്‍ ദുഈ, മുനിസിപ്പല്‍ ഡയറക്ടര്‍ എന്‍ജിനീയര്‍ മന്‍ഫൂഹി തുടങ്ങിയ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണു പരിശോധന നടത്തിയത്. ജലീബ് പ്രദേശത്തെ ഡ്രെയ്‌നേജ് ശൃംഖലയുടെയും റോഡുകളുടെയും വികസനത്തിനായി പൊതുമരാമത്ത് മന്ത്രാലയം 22 ദശലക്ഷം ദിനാര്‍ അനുവദിച്ചിട്ടുണ്ടെന്ന് മുനിസിപ്പല്‍ ഡയറക്ടര്‍ എന്‍ജിനീയര്‍ മന്‍ഫൂഹി വാര്‍ത്താലേഖകരെ അറിയിച്ചു.

പ്രദേശത്തിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ പദ്ധതികള്‍ ആവഷ്‌കരിച്ചിട്ടുണ്ട്. പ്രദേശത്ത് താമസിക്കുന്ന നിയമലംഘകരെ തുടച്ചുനീക്കുന്നതിനും അനധികൃതമായി പ്രവര്‍ത്തിക്കുന്ന കച്ചവടസ്ഥാപനങ്ങളും കെട്ടിടങ്ങളും നീക്കം ചെയ്യുന്നതിനുമായി വിവിധ സര്‍ക്കാര്‍ ഏജന്‍സികളുമായി ചേര്‍ന്ന് നവംബര്‍ പകുതിയോടെ നടപടികള്‍ ആരംഭിക്കും. ബാച്ചിലര്‍മാര്‍ക്ക് വേണ്ടിയുള്ള പ്രത്യേക പാര്‍പ്പിടകേന്ദ്രങ്ങളുടെ പണി പൂര്‍ത്തിയാവുന്നതുവരെ ഇവര്‍ക്കെതിരേയുള്ള മറ്റു നടപടികള്‍ മാറ്റിവയ്ക്കുന്നതായും മന്‍ഫൂഹി വ്യക്തമാക്കി. എന്നാല്‍, നിയമലംഘകരെ കണ്ടെത്തുന്നതിനുള്ള സുരക്ഷാപരിശോധനകള്‍ ഇനിയും ശക്തമാക്കുമെന്ന് മേജര്‍ ജനറല്‍ അബ്ദുല്ല അല്‍ അലി മുന്നറിയിപ്പ് നല്‍കി. 

Tags:    

Similar News