ജിദ്ദ നവോദയ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ കെ എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും

Update: 2021-03-05 19:25 GMT
ജിദ്ദ: നവോദയ ജിദ്ദ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചതായി അധികൃതര്‍ അറിയിച്ചു. കേന്ദ്ര തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ കെ എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. ഇടത് സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തന വിവരങ്ങള്‍ ഓരോ പ്രവാസി കുടുംബങ്ങളിലേക്കും എത്തിക്കും വിധം തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സജ്ജീവമാക്കുമെന്നും ജിദ്ദ നവോദയ അറിയിച്ചു. മുമ്പൊരിക്കലും ഇല്ലാത്തവിധം പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും അവര്‍ക്ക് ആശ്രയമാകാനും ഇടതുപക്ഷ സര്‍ക്കാരുകള്‍ വലിയ ശ്രദ്ധയാണ് കൊടുത്തിട്ടുള്ളത്. 1987ലെ ഇ കെ നായനാര്‍ സര്‍ക്കാറാണ് പ്രവാസികള്‍ക്കു വേണ്ടി ഒരു പ്രത്യേക വകുപ്പ് തന്നെ രൂപീകരിച്ചത്. പിന്നീട് 2008ല്‍ വി എസ് സര്‍ക്കാര്‍ പ്രവാസി ക്ഷേമ പദ്ധതിയും പെന്‍ഷനും ഏര്‍പ്പെടുത്തി. ഇത്തരം പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായി ഒരുപടി കൂടി ഉയര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങളാണ് പിണറായി സര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.

    പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ പ്രവാസി ക്ഷേമ പെന്‍ഷന്‍ 500 രൂപ ആയിരുന്നത് ക്രമേണ 2000 രൂപയായും പിന്നീട് കഴിഞ്ഞ ബജറ്റില്‍ 3500 രൂപയായി വര്‍ധിപ്പിച്ചു. പ്രവാസികള്‍ക്ക് സൗജന്യ നിയമ സഹായം നല്‍കുന്നതിനുള്ള നിയമസഹായ സെല്‍ രൂപീകരിക്കുകയും വിദേശത്ത് നിന്ന് മരണപ്പെടുന്ന പ്രവാസികളുടെ മൃതദേഹം സൗജന്യമായി നാട്ടില്‍ എത്തിക്കാനുള്ള പദ്ധതിയും ഈ സര്‍ക്കാറിന്റെ കാലത്താണ് തുടങ്ങിയത്. പ്രവാസികള്‍ക്കായി കെഎസ്എഫ്ഇ വഴി പ്രവാസി ചിട്ടി നടപ്പാക്കിയതും എടുത്ത് പറയേണ്ടത് തന്നെ. കൊറോണ കാലത്ത് ജോലി നഷ്ടപ്പെട്ട് നാട്ടില്‍ കുടുങ്ങിയ ഒരു ലക്ഷം പ്രവാസികള്‍ക്ക് 5000 രൂപയുടെ സഹായം നല്‍കി. മാനദണ്ഡങ്ങള്‍ മാറ്റിവച്ച് ആറുമാസത്തിലധികം നാട്ടില്‍ തങ്ങുന്ന പ്രവാസിക്ക് റേഷന്‍ അനുവദിക്കാനും തീരുമാനിച്ചു. പ്രവാസികള്‍ക്ക് ഇത്രയും സഹായവും സഹകരണവും കിട്ടിയ കാലം ചരിത്രത്തില്‍ ഒരിക്കലും ഉണ്ടായിട്ടില്ലെന്നും ഈ സര്‍ക്കാര്‍ തുടരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ജിദ്ധ നവോദയ മുഖ്യ രക്ഷാധികാരി ഷിബു തിരുവനതപുരം പറഞ്ഞു. വരും ദിവസങ്ങളിലായി നടക്കുന്ന സെന്‍ട്രല്‍ കമ്മറ്റി തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് വിശദമായ രൂപരേഖ തയ്യാറാക്കും. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കാന്‍ കേന്ദ്ര തിരഞെടുപ്പ് കമ്മിറ്റി നിലവില്‍വന്നു. ചെയര്‍മാനായി ഷിബു തിരുവനന്തപുരത്തെയും വൈസ് ചെയര്‍മാനായി കിസ്മത് മമ്പാടിനെയും ജനറല്‍ കണ്‍വീനറായി ശ്രീകുമാര്‍ മാവേലിക്കരയെയും ജോയിന്റ് കണ്‍വീനറായി റഫീഖ് പത്തനാപുരത്തെയും തിരഞ്ഞെടുത്തു. 14 ജില്ലാ തിരഞ്ഞെടുപ്പ് കമ്മിറ്റികള്‍ നിലവില്‍വന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ മാര്‍ച്ച് 12നു വൈകീട്ട് 8.30ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. യോഗത്തില്‍ മുഖ്യരക്ഷാധികാരി ഷിബു തിരുവനന്തപുരം, പ്രസിഡന്റ് കിസ്മത്ത് മമ്പാട്, ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍ മാവേലിക്കര പങ്കെടുത്തു.

Jeddah Navodaya Election Convention will be inaugurated by KN Balagopal


Tags: