ജിദ്ദ കെഎംസിസി ഹജ്ജ് വോളന്റിയർ രജിസ്ട്രേഷൻ ആരംഭിച്ചു

Update: 2019-06-15 06:25 GMT

ജിദ്ദ: ഉത്തമ സേവനത്തിന് ഉദാത്ത മാതൃക എന്ന സന്ദേശവുമായി സൗദി കെഎംസിസി നാഷനല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഹജ്ജ് സേവന പ്രവര്‍ത്തനങ്ങള്‍ക്ക് ജിദ്ദ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി സേവനത്തിന് അയക്കുന്ന വോളന്റിയർമാരുടെ രജിസ്ട്രേഷൻ ആരംഭിച്ചു. മലപ്പുറം ജില്ലാ കെഎംസിസി ജനറല്‍ സെക്രട്ടറി ഹബീബ് കല്ലനില്‍നിന്ന് അപേക്ഷ ഫോറം സ്വീകരിച്ച് സൗദി കെഎംസിസി പ്രസിഡന്റെ് കെ പി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു.

മുന്‍ വര്‍ഷങ്ങളില്‍ സേവനം നടത്തി പരിജയ സമ്പന്നരായ വോളന്റിയർമാര്‍ക്ക് മുന്‍ഗണന നല്‍കിയാണ് ഇത്തവണ ജിദ്ദ കെഎംസിസി വോളന്റിയർ രജിസ്‌ട്രേഷന്‍ നടത്തുക. ശറഫിയ്യയിലെ ജിദ്ദ കെഎംസിസി ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഹജ്ജ് സെല്‍ റജിസ്‌ട്രേഷന്‍ കൗണ്ടറില്‍ ഫോറം പൂരിപ്പിച്ച് നല്‍കിയാണ് വോളന്റിയർമാര്‍ രജിസ്ട്രർ ചെയ്യേണ്ടത്. വോളന്റിയർ രജിസ്ട്രേഷൻ പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് വോളന്റിയർക്കുള്ള പരിശീലനം ആരംഭിക്കും. ആദ്യ തീര്‍ത്ഥാടക സംഘം വിശുദ്ധ ഭൂമിയിലെത്തുന്ന മുറയ്ക്ക് തന്നെ കെഎംസിസി വോളന്റിയർ ടീം സേവനത്തിനിറങ്ങുന്നതാണ്.

വിമാനത്താവളങ്ങളിലും ബസ് സ്‌റ്റേഷനുകളിലും ഇരുഹറം പരിസരങ്ങളിലും കേന്ദ്രീകരിച്ച് സേവനം ചെയ്യുന്ന വോളന്റിയർ കോര്‍ ഹജ്ജ് വേളയില്‍ അറഫ, മിന, മുസ്തലിഫ തുടങ്ങി പുണ്യഭൂമിയിലെ എല്ലാ തീര്‍ത്ഥാടക കേന്ദ്രങ്ങളിലും പ്രത്യേക ടീമുകളായി സേവനം ചെയ്യും. വഴിതെറ്റി പോവുന്ന ഹാജിമാരെ ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിക്കുക. അപകടങ്ങളില്‍ പെടുന്നവരെ ആശുപത്രികളിലെത്തിക്കുക. നടക്കാന്‍ കഴിയാത്തവര്‍ക്ക് വീല്‍ചെയര്‍ സഹായം നല്‍കുക. ഹാജിമാര്‍ക്ക് കഞ്ഞിയും കുടിവെള്ളവും പാതരക്ഷകളും വിതരണം ചെയ്യുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങാണ് കെഎംസിസി നിര്‍വഹിക്കുക. ഇന്ത്യന്‍ ഹജ്ജ് മിഷനുമായും മുതവഫുകളുമായും സഹകരിച്ചാണ് കെഎംസിസി ഹജ്ജ് സെല്‍ പ്രവര്‍ത്തിക്കുക.

ജിദ്ദ കെഎംസിസി ഓഫീസില്‍ നടന്ന ഹജ്ജ് സെല്‍ ഉപസമിതി യോ​ഗത്തില്‍ അഹമ്മദ് പാളയാട്ട് അധ്യക്ഷത വഹിച്ചു. അബൂബക്കര്‍ അരിമ്പ്ര, അന്‍വര്‍ ചേരങ്കെ, വി പി മുസ്തഫ, സി കെ റസാഖ് മാസ്റ്റര്‍, അബ്ദുറഹ്മാന്‍ വെള്ളിമാട്കുന്ന്, മജീദ് പുകയൂര്‍, നാസര്‍ മച്ചിങ്ങല്‍, എ കെ ബാവ ,സിസി കരീം, സീതി കൊളക്കാടന്‍, ലത്തീഫ് പൂനൂര്‍, ഷബീറലി കോഴിക്കോട്, വിവിധ ഉപസമിതി ഭാരവാഹികളും പങ്കെടുത്തു.


Similar News