ഇന്ത്യന്‍ നിക്ഷേപകരുടെ ആനുകാലിക വിഷയങ്ങള്‍ ജിദ്ദ ചേംബറില്‍ അവതരിപ്പിക്കാന്‍ പ്രതിജ്ഞാബദ്ധം: അലി മുഹമ്മദ് അലി

Update: 2024-11-06 12:17 GMT

ജിദ്ദ: ഇന്ത്യന്‍ നിക്ഷേപകരുടെ ആനുകാലിക വിഷയങ്ങള്‍ ജിദ്ദ ചേംബറില്‍ അവതരിപ്പിക്കാന്‍ പ്രതിജ്ഞാബദ്ധമെന്ന് അലി മുഹമ്മദ് അലി. ജിദ്ദ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഡയക്ടര്‍ ബോര്‍ഡ് അംഗമായി ലഭിച്ച അംഗീകാരം ഫലപ്രദവും ക്രീയാത്മകവുമായി വിനിയോഗിക്കാന്‍ ശ്രമിക്കുമെന്നും തന്റെ പിതാവ് മുഹമ്മദ് അലിയുടെ കഠിനാധ്വാനത്തിന്റെയും നിക്ഷേപ സേവന പ്രവര്‍ത്തനത്തിന്റെയും അംഗീകാരമാണ് തനിക്ക് ലഭിച്ച പുതിയ പദവിയെന്നും അദ്ദേഹം പറഞ്ഞു. ജിദ്ദ കേരള പൗരാവലി സംഘടിപ്പിച്ച അനുമോദന യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജിദ്ദ കേരള പൗരാവലിയുടെ അനുമോദന ഫലകം പൗരാവലി പബ്ലിക് റിലേഷന്‍ കണ്‍വീനര്‍ സലാഹ് കാരാടന്‍ ജെ എന്‍ എച്ച് ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കൂടിയായ അലി മുഹമ്മദ് അലിക്ക് സമ്മാനിച്ചു. കേരളത്തിലെ മുഴുവന്‍ ജില്ലകളിലെ പ്രതിനിധികളും സാമൂഹ്യ സാംസ്‌കാരിക സംഘടനാ നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു.


Tags: