ഗള്‍ഫില്‍ സംഘര്‍ഷം കനക്കുന്നു. ബ്രിട്ടീഷ് എണ്ണക്കപ്പല്‍ ഇറാന്‍ പിടികൂടി

അന്താരാഷ്ട്ര സമുദ്രാതിര്‍ത്തി ലംഘിച്ചതിന് ബ്രിട്ടീഷ് ഉടമസ്ഥതയിലുള്ള എണ്ണക്കപ്പല്‍ പിടികൂടിയതായി ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ് അവകാശപ്പെട്ടു.

Update: 2019-07-19 18:53 GMT

ദുബയ്: അന്താരാഷ്ട്ര സമുദ്രാതിര്‍ത്തി ലംഘിച്ചതിന് ബ്രിട്ടീഷ് ഉടമസ്ഥതയിലുള്ള എണ്ണക്കപ്പല്‍ പിടികൂടിയതായി ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ് അവകാശപ്പെട്ടു. ഹോര്‍മുസ് കടലിടുക്കിലൂടെ കടന്ന് പോകുമ്പോള്‍ ഒരു ഹെലികോപ്റ്ററും ചെറിയ ബോട്ടുകളും പിന്തുടര്‍ന്നാണ് തങ്ങളുടെ കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തതെന്ന് കപ്പലുടമകള്‍ വ്യക്തമാക്കി. 30,000 ടണ്‍ ഭാരമുള്ള 'സ്റ്റേന ഇമ്പേറോ' എന്ന പേരുള്ള ബ്രിട്ടീഷ് പതാക വഹിക്കുന്ന കപ്പലാണ് ഇറാന്‍ അധികൃതര്‍ പിടികൂടിയത്. കപ്പലിന് എന്ത് പറ്റിയെന്നും എവിടെ വെച്ചാണ് പിടികൂടിയതെന്നും ഇപ്പോള്‍ വ്യക്തമാക്കാന്‍ കഴിയില്ലെന്ന് ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഒരാഴ്ച മുമ്പ് ഹോര്‍മുസ് കടലിടുക്കിലൂടെ കടന്ന് പോയ ബ്രിട്ടീഷ് യുദ്ധകപ്പലിനെ ഇറാന്‍ മാര്‍ഗ്ഗ തടസ്സം സൃഷ്ടിച്ചിരുന്നു. അമേരിക്കന്‍ നാവിക സേനയുടെ കപ്പലിന് ചുറ്റും നിരീക്ഷണം നടത്തുകയായിരുന്ന ഇറാന്‍ ഡ്രോണുകള്‍ തകര്‍ത്തതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് അവകാശപ്പെട്ടിരുന്നു. അതേ സമയം ഇറാന്‍ ഇക്കാര്യം പാടെ നിഷേധിച്ചിരിക്കുകയാണ്.  

Tags:    

Similar News