കണ്ണൂരില്‍ 5,500 ഏക്കര്‍ സ്ഥലം ഏറ്റെടുത്ത് വ്യവസായ പാര്‍ക്ക് സ്ഥാപിക്കും: മുഖ്യമന്ത്രി

Update: 2022-02-04 18:30 GMT

ദുബയ്: കണ്ണൂരില്‍ 5,500 ഏക്കര്‍ സ്ഥലം ഏറ്റെടുത്ത് വ്യവസായ പാര്‍ക്ക് സ്ഥാപിക്കുന്നത് ഉള്‍പ്പടെ നിരവധി പദ്ധതികളാണ് ആവിഷ്‌കരിക്കാന്‍ പോവുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദുബയ് എക്‌സ്‌പോ 2020 ലെ കേരള പവലിയന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. നിക്ഷേപ സൗഹൃദ സംസ്ഥാനമായി കേരളം മാറി. ചരക്ക് ഗതാഗതത്തിന് ഉള്‍പ്പടെ പുതിയ നയങ്ങള്‍ കേരളം രൂപീകരിക്കുകയാണ്.

550 കി.മീ നീളത്തില്‍ നിര്‍മിക്കുന്ന കെ റെയില്‍ പദ്ധതി വഴി കേരളം പരസ്പരം ബന്ധിപ്പിക്കപ്പെടും. സംസ്ഥാനം മുഴുവന്‍ ഒപ്റ്റിക് ഫൈബര്‍ കേബിള്‍ സ്ഥാപിക്കുന്നതോടെ ഡിജിറ്റല്‍ മുന്നേറ്റത്തിന് വഴിയൊരുങ്ങും. എല്ലാ സര്‍ക്കാര്‍ ഓഫിസുകളിലും ബ്രോഡ് ബ്രാന്‍ഡ് കണക്ഷന്‍ നല്‍കും. കിഫ്ബി വഴി 60,000 കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കുന്നത്. യുഎഇയും കേരളവും തമ്മില്‍ സഹസ്രാബ്ദങ്ങള്‍ നീണ്ട ബന്ധമാണുള്ളത്. കേരളീയര്‍ രണ്ടാം വീടായി കാണുന്ന യുഎഇയുടെ വികസനത്തിന് നിസ്തൂലമായ പങ്കുവഹിക്കാന്‍ മലയാളികള്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags: