ഇന്ത്യന്‍ സോഷ്യല്‍ ഫോറം സ്വാതന്ത്ര്യദിന സംഗമം നടത്തി

Update: 2019-08-17 15:34 GMT

മനാമ: ഇന്ത്യന്‍ സോഷ്യല്‍ ഫോറം ബഹ്‌റയ്ന്‍ കേരളഘടകം സ്വതന്ത്ര്യദിന സംഗമം നടത്തി. ഇന്ത്യന്‍ ദേശീയതയുടെ സൗന്ദര്യം നാനാര്‍ത്ഥത്തില്‍ ഏകത്വമാണെന്നും ഏകശിലയില്‍ ഊന്നിയ ദേശീയതയെ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത് രാജ്യത്തിനു അപകടം ചെയ്യുമെന്ന് സംഗമം വിലയിരുത്തി. നമ്മുടെ പൂര്‍വികര്‍ പൊരുതിനേടിയ സ്വാതന്ത്ര്യം നഷ്ടപ്പെടാതിരിക്കാന്‍ നിതാന്ത ജാഗ്രത ആവശ്യമാണെന്നും അതിനായി കണ്ണും കാതും കൂര്‍പ്പിച്ച് സ്വാതന്ത്ര്യത്തിന്റെ കാവലാളുകളാവാന്‍ സംഗമം പൊതുസമൂഹത്തോട് ആഹ്വാനം ചെയ്തു.


സംഗമം ഇന്ത്യന്‍ സോഷ്യല്‍ ഫോറം സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ജവാദ് പാഷ ഉദ്ഘാടനം ചെയ്തു. കേരള ഘടകം പ്രസിഡന്റ് അലി അക്ബര്‍ അധ്യക്ഷത വഹിച്ചു. മൈത്രി സോഷ്യല്‍ അസോസിയേഷന്‍ പ്രതിനിധി നിസാര്‍ കൊല്ലം, ഐഎംസിസി പ്രതിനിധി ജലീല്‍ ഹാജി, ഇന്ത്യന്‍ ഫ്രറ്റേണിറ്റി ഫോറം പ്രതിനിധി യഹ്‌യ, കേരളഘടകം കമ്മിറ്റിയംഗം അന്‍വര്‍ കുറ്റിയാടി, വൈസ് പ്രസിഡന്റ് റാണ അലി സംസാരിച്ചു. സ്വാന്തന്ത്ര്യ സമരത്തെ സംബന്ധിച്ചുള്ള ഉപന്യാസ മല്‍സരത്തില്‍ വിജയികളായവര്‍ക്കുള്ള സമ്മാനദാനം സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി യുസുഫ് അലി നിര്‍വഹിച്ചു. കേരളഘടകം സെക്രട്ടറി റഫീഖ് അബ്ബാസ്, ഷഫീഖ്, റെനീഷ്, ആഷിഫ് എന്നിവര്‍ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.


Tags:    

Similar News