ഇന്ത്യന്‍ സോഷ്യല്‍ ഫോറം കിഴക്കന്‍ പ്രവിശ്യ അംഗത്വ കാംപയിന് ദമ്മാമില്‍ തുടക്കം

അല്‍ ജമഈനില്‍ നടന്ന പരിപാടി ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദമ്മാം കേരള സ്‌റ്റേറ്റ് പ്രസിഡന്റ് മന്‍സൂര്‍ എടക്കാട് ഉദ്ഘാടനം ചെയ്തു.

Update: 2021-01-15 17:53 GMT

ദമ്മാം: 'ശാക്തീകരണത്തിനായി ഒന്നിക്കുക' എന്ന സന്ദേശമുയര്‍ത്തി ഇന്ത്യന്‍ സോഷ്യല്‍ ഫോറം സൗദി ദേശീയ തലത്തില്‍ നടത്തുന്ന അംഗത്വ കാംപയിന്റെ കിഴക്കന്‍ പ്രവിശ്യതല കാംപയിനു ദമ്മാമില്‍ തുടക്കം. അല്‍ ജമഈനില്‍ നടന്ന പരിപാടി ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദമ്മാം കേരള സ്‌റ്റേറ്റ് പ്രസിഡന്റ് മന്‍സൂര്‍ എടക്കാട് ഉദ്ഘാടനം ചെയ്തു.

ഇന്ത്യയിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗത്തിന്റെ ശാക്തീകരണത്തിനായി ജനാധിപത്യപരമായ മാര്‍ഗത്തില്‍ പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ നയ നിലപാടുകള്‍ ഭാവി ഇന്ത്യക്ക് പുത്തന്‍ പ്രതീക്ഷകളാണു നല്‍കുന്നതെന്ന് മന്‍സൂര്‍ എടക്കാട് പറഞ്ഞു.

പ്രവാസലോകത്തു നിന്നുകൊണ്ട് നാടിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ കൈത്താങ്ങാവുകയും ഇവിടെയുള്ള ഇന്ത്യക്കാരായ പ്രവാസികള്‍ക്കിടയില്‍ സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കുകയും ചെയ്തുവരുന്ന ഇന്ത്യന്‍ സോഷ്യല്‍ ഫോറം എസ്ഡിപിഐ എന്ന നവ മുന്നേറ്റത്തിനു പ്രവാസലോകത്ത് നിന്നുകൊണ്ട് എല്ലാവിധ പിന്തുണയും ഐക്യധാര്‍ഢ്യവും പ്രഖ്യാപിക്കുന്നു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐക്കുണ്ടായ തിളക്കമാര്‍ന്ന വിജയവും സോഷ്യല്‍ ഫോറത്തിലേക്ക് നിരവധി പേര്‍ കടന്നുവരാന്‍ സഹായകരമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പരിപാടിയില്‍ സോഷ്യല്‍ ഫോറം റയ്യാന്‍ ബ്ലോക്ക് പ്രസിഡന്റ് അലി മാങ്ങാട്ടുര്‍ അധ്യക്ഷത വഹിച്ചു. സോഷ്യല്‍ ഫോറം സ്‌റ്റേറ്റ് മീഡിയ ഇന്‍ചാര്‍ജ് അഹമ്മദ് യൂസുഫ്, സ്‌റ്റേറ്റ് കമ്മിറ്റി അംഗം അനീസ് ബാബു കോഡൂര്‍ സംസാരിച്ചു. സൈനുട്ടി എടപ്പാള്‍, ശറഫുദ്ധീന്‍ ഇടശ്ശേരി നേതൃത്വം നല്‍കി.

Tags: