എം പി വീരേന്ദ്രകുമാറിന്റെ നിര്യാണത്തില്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം അനുശോചിച്ചു

ആഗോളവല്‍ക്കരണത്തിനെതിരെയും ഉദാരവല്‍ക്കരണത്തിനെതിരെയും ലോക്‌സഭയിലും നിയമസഭയിലും ശക്തമായ നിലപാടെടുത്ത കര്‍മയോഗിയുടെ വിയോഗം രാഷ്ട്രീയ-സാംസ്‌കാരിക കേരളത്തിന് തീരാനഷ്ടമാണ്.

Update: 2020-05-29 11:50 GMT

ജിദ്ദ: പ്രമുഖ പാര്‍ലിമെന്റേറിയനും സോഷ്യലിസ്റ്റ് നേതാവും മുന്‍മന്ത്രിയുമായ എം പി വീരേന്ദ്രകുമാറിന്റെ വിയോഗത്തില്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുള്ള വീരേന്ദ്രകുമാര്‍ സോഷ്യലിസ്റ്റ് പ്രസ്ഥാനം വിവിധ ദശാസന്ധികളിലൂടെ കടന്നുപോയപ്പോഴും ആദര്‍ശത്തിലൂന്നി നേതൃത്വം വഹിക്കാന്‍ ആര്‍ജവംകാണിച്ച വ്യക്തിത്വമായിരുന്നുവെന്നു സോഷ്യല്‍ ഫോറം അനുശോചനസന്ദേശത്തില്‍ പറഞ്ഞു.

എന്നും ഫാഷിസ്റ്റ് വിരുദ്ധ നിലപാടെടുത്ത നേതാവായിരുന്ന വീരേന്ദ്രകുമാര്‍, ഇന്ത്യയിലെ അധസ്ഥിത വിഭാഗങ്ങള്‍ക്കെതിരേ സംഘപരിവാര്‍ ശക്തികള്‍ നടത്തിയ അക്രമങ്ങള്‍ക്കെതിരേ രാഷ്ട്രീയ- സാംസ്‌കാരികരംഗങ്ങളില്‍ നടത്തിയ പ്രഭാഷണങ്ങളും പത്രമാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങളും തന്റെ നിലപാട് വ്യക്തമാക്കുന്നതായിരുന്നു. ഇന്ത്യയുടെ സമ്പദ്ഘടനയ്ക്ക് വിഘാതമാവുന്ന നയങ്ങള്‍ക്കെതിരേ നിരന്തരം ശബ്ദമുയര്‍ത്തിയ നേതാവാണ് വീരേന്ദ്രകുമാര്‍.

ആഗോളവല്‍ക്കരണത്തിനെതിരെയും ഉദാരവല്‍ക്കരണത്തിനെതിരെയും ലോക്‌സഭയിലും നിയമസഭയിലും ശക്തമായ നിലപാടെടുത്ത കര്‍മയോഗിയുടെ വിയോഗം രാഷ്ട്രീയ-സാംസ്‌കാരിക കേരളത്തിന് തീരാനഷ്ടമാണ്. ഓണ്‍ലൈന്‍ അനുശോചനയോഗത്തില്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അഷ്റഫ് മൊറയൂര്‍, ജനറല്‍ സെക്രട്ടറി ഇ എം അബ്ദുല്ല, അബ്ദുല്‍ഗനി മലപ്പുറം, അലികോയ ചാലിയം, കോയിസ്സന്‍ ബീരാന്‍ കുട്ടി, ഹനീഫ കിഴിശ്ശേരി, ഹംസ കരുളായി, ഷാഹുല്‍ ഹമീദ് മേടപ്പില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. 

Tags:    

Similar News