ഇന്ത്യന്‍ പ്രവാസികള്‍ക്ക് പുതിയ ആനുകൂല്യം ഉപയോഗപ്പെടുത്താന്‍ അവസരമൊരുക്കണം: ഒരുമ

നിലവില്‍ സൗദി ഗവര്‍മെന്റിന്റെ ഈ അനുകൂല നിലപാട് ഇന്ത്യന്‍ പ്രവാസികള്‍ക്ക് ആശ്വാസമായിരിക്കുകയാണ്.

Update: 2021-08-25 16:51 GMT
ജിദ്ദ: സൗദി വിദേശകാര്യ മന്ത്രാലയം സൗദിയിലേക്ക് നേരിട്ട് വരുന്നതിന് നല്‍കിയ പുതിയ ആനുകൂല്യം ഉപയോഗപ്പെടുത്താന്‍ ഇന്ത്യന്‍ ഭരണകൂടം അവസരമൊരുക്കണമെന്ന് ഓര്‍ഗനൈസേഷന്‍ ഓഫ് റീജ്യണല്‍ യൂനിറ്റി ആന്റ് മ്യൂച്ചല്‍ അമിറ്റി (ഒരുമ) ഭാരവാഹികള്‍ ആവശ്യപ്പെട്ടു. നിലവില്‍ സൗദി ഇഖാമയുള്ളവര്‍ രണ്ട് ഡോസ് വാക്‌സിനും സൗദിയില്‍ നിന്ന് എടുത്തവരാണെങ്കില്‍ അവര്‍ക്ക് മറ്റൊരു രാജ്യത്തോ സൗദിക്ക് അകത്തോ ക്വാറന്റൈന്‍ ആവശ്യമില്ലാതെ നേരിട്ട് സൗദിയില്‍ പ്രവേശിക്കാം എന്നാണ് സൗദി വിദേശകാര്യ മന്ത്രാലയം വിവിധ രാജ്യങ്ങളുടെ എംബസികള്‍ക്കും കോണ്‍സുലേറ്റുകള്‍ക്കും അയച്ച പുതിയ സര്‍ക്കുലറില്‍ പറയുന്നത്.


നിലവില്‍ സൗദി ഗവര്‍മെന്റിന്റെ ഈ അനുകൂല നിലപാട് ഇന്ത്യന്‍ പ്രവാസികള്‍ക്ക് ആശ്വാസമായിരിക്കുകയാണ്. ഈ അവസരം പൂര്‍ണമായി പ്രയോജനപ്പെടുത്താന്‍ ഇന്ത്യ സൗദി എയര്‍ ബബ്ബ്ള്‍ കരാര്‍ പുതുക്കേണ്ടതുണ്ട്. 30 ലക്ഷത്തോളം ഇന്ത്യക്കാര്‍ സൗദിയില്‍ വസിക്കുന്നുണ്ട്. കൊവിഡ് വൈറസിന്റെ വരവോടെ ഉണ്ടായ യാത്ര നിയന്ത്രണങ്ങള്‍ പ്രവാസികളുടെ ജീവിതത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. സാമ്പത്തികവും മാനസികവുമായ പല പ്രയാസങ്ങളും അനുഭവിക്കുന്ന ഈ ഘട്ടത്തില്‍ നേരിട്ടുള്ള വിമാന സര്‍വീസ് തുടങ്ങുന്നത് നിരവധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും. അതിനാല്‍ കേന്ദ്ര സംസ്ഥാന ഗവര്‍മെന്റുകള്‍ ഉടനെ സൗദിയിലേക്കുള്ള വിമാന യാത്ര നിയന്ത്രണത്തിന് പരിഹാരം കാണേണ്ടതുണ്ട്. സൗദി ഇന്ത്യന്‍ എംബസ്സിയും കോണ്‍സുലേറ്റും ഇന്ത്യന്‍ വിദേശ കാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് കാലതാമസം ഒഴിവാക്കണമെന്നും ഒരുമ ഭാരവാഹികളായ കബീര്‍ കൊണ്ടോട്ടി (പ്രസിഡന്റ്), എ ടി ബാവ തങ്ങള്‍ (ജനറല്‍ സെക്രട്ടറി), പി സി അബു, ഫൈറൂസ് വാര്‍ത്താ കുറിപ്പില്‍ ആവശ്യപ്പെട്ടു




Tags:    

Similar News