ഇന്ത്യന്‍ കോണ്‍സുലേറ്റ് സംഘപരിവാര്‍ ദുരുപയോഗം ചെയ്യുന്നു: പുന്നയ്ക്കന്‍ മുഹമ്മദലി

ദുബയില്‍ സാംസ്‌കാരികപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതു മുതല്‍ കാണാത്ത തെറ്റായ പ്രവണതയാണ് ഇന്ത്യന്‍ കൗണ്‍സിലേറ്റിന്റെ ഭാഗത്തുനിന്നുണ്ടാവുന്നത്.

Update: 2019-10-14 09:43 GMT

ദുബയ്: ബിജെപിയുടെ പ്രവാസി സംഘടനയ്ക്ക് ഇന്ത്യയുടെ ഔദ്യോഗിക ചിഹ്‌നം നല്‍കുന്നത് ശരിയായ കീഴ്‌വഴക്കമല്ലെന്ന് കോണ്‍ഗ്രസ് അനുകൂല പ്രവാസി സംഘടന ഇന്‍ക്കാസ് ആരോപിച്ചു. ഇതുമൂലം ബിജെപിയുടെ പ്രവാസി സംഘടന ഇന്ത്യന്‍ പീപ്പിള്‍സ് ഫോറം നടത്തുന്ന പരിപാടികള്‍ ഔദ്യോഗികപരിപാടികളായി പൊതുജനം തെറ്റിദ്ധരിക്കുന്നതായി ജനറല്‍ സെക്രട്ടറി പുന്നയ്ക്കന്‍ മുഹമ്മദലി പറഞ്ഞു. ദുബയില്‍ സാംസ്‌കാരികപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതു മുതല്‍ കാണാത്ത തെറ്റായ പ്രവണതയാണ് ഇന്ത്യന്‍ കൗണ്‍സിലേറ്റിന്റെ ഭാഗത്തുനിന്നുണ്ടാവുന്നത്.

ദുബയ് സര്‍ക്കാരിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്കുപോലും ലഭിക്കാത്ത പിന്തുണയും സഹായവുമാണ് ബിജെപിയുടെ പ്രവാസി സംഘടനയായ ഇന്ത്യന്‍ പീപ്പിള്‍സ് ഫോറത്തിന് നല്‍കിവരുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 150ാം ജന്‍മദിനത്തിന്റെ ആഘോഷപരിപാടിയുടെ ചുമതല ബിജെപി പോഷകസംഘടനയുടെ പേരില്‍ നടത്താന്‍ ഇന്ത്യയുടെ ചിഹ്‌നം നല്‍കുകയെന്നത് തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കും. ഇന്ത്യയില്‍നിന്നെത്തുന്ന മന്ത്രിമാരും എംപിമാരും പങ്കെടുക്കുന്ന കോണ്‍സിലേറ്റ് പരിപാടിയില്‍ മുഴുവന്‍ പ്രവാസി സംഘടനകളും വ്യക്തികളും പങ്കെടുത്ത ചരിത്രമാണുള്ളതെന്നും അത് ബിജെപി സംഘടനയെ ഏല്‍പ്പിക്കുന്നത് ശരിയല്ലെന്നും പുന്നയ്ക്കന്‍ മുഹമ്മദലി അഭിപ്രായപ്പെട്ടു.  

Tags: