സാംസ്‌കാരിക മൂല്യങ്ങളെയും വൈവിധ്യങ്ങളെയും തകര്‍ക്കുന്നതോടെ ഇന്ത്യ ഇല്ലാതാകും: സച്ചിദാനന്ദന്‍

ഭരണസിരാ കേന്ദ്രങ്ങളിലും ജഡീഷ്യറിയിലും ഫാസിസം പിടിമുറുക്കികൊണ്ടിരിക്കുന്നത്തിന്റെ സൂചനകള്‍ സമകാലിക സംഭവങ്ങളിലൂടെ ദൃശ്യമാകുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Update: 2019-11-26 00:42 GMT

കുവൈത്ത് സിറ്റി: ഭരണഘടന വിഭാവനം ചെയ്യുന്ന സാംസ്‌കാരിക മൂല്യങ്ങളെയും വൈവിധ്യങ്ങളെയും തകര്‍ക്കുന്നതോടെ ആര്‍ഷഭാരതം എന്ന സങ്കല്‍പം തന്നെയാണ് ഇല്ലാതാകുന്നതെന്ന് പ്രമുഖ കവിയും സാഹിത്യകാരനുമായ സച്ചിദാനന്ദന്‍ പറഞ്ഞു. വെല്‍ഫെയര്‍ കേരള കുവൈത്ത് ആറാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .

നിരവധി ഭാഷകളും മതങ്ങളും സമൂഹങ്ങളും കൊണ്ട് സമ്പുഷ്ടമായ ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകത്തെ ഫാഷിസ്റ്റ് ഭരണകൂടം അതിന്റെ എല്ലാ ദ്രംഷ്ടകളും ഉപയോഗിച്ചു ഒന്നൊന്നായി തകര്‍ത്തു കൊണ്ടിരിക്കുന്നാതാണ് നാം കണ്ടു കൊണ്ടിരിക്കുത്. ഭരണസിരാ കേന്ദ്രങ്ങളിലും ജഡീഷ്യറിയിലും ഫാസിസം പിടിമുറുക്കികൊണ്ടിരിക്കുന്നത്തിന്റെ സൂചനകള്‍ സമകാലിക സംഭവങ്ങളിലൂടെ ദൃശ്യമാകുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രതിഷേധിക്കുന്നവരെ വായ മൂടിക്കെട്ടാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്ന ഫാഷിസ്റ്റ് കാലത്ത് ഉച്ചത്തില്‍ തുറന്നു സംസാരിക്കുക എന്നാതാണ് ഏറ്റവും വലിയ ജനാതിപത്യ പ്രവര്‍ത്തനം. മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ പലപ്പോഴും നിസംഗരായിരിക്കുമ്പോള്‍ തൊഴിലാളികള്‍ക്കും കര്‍ഷകനും ദളിതനും ആദിവാസിക്കും ന്യൂനപക്ഷത്തിനും സ്ത്രീകള്‍ക്കും പ്രാധാന്യമുള്ള സാമൂഹിക നീതിക്കും സമത്വത്തിനും വേണ്ടി പരിശ്രമിച്ച്‌കൊണ്ടിരിക്കുന്ന നവ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇന്ത്യയുടെ പ്രതീക്ഷയാണെന്നും സച്ചിദാനന്ദന്‍ പറഞ്ഞു .

വെല്‍ഫെയര്‍ പാര്‍ട്ടി കേരള സംസ്ഥാന ജനറല്‍ സെക്രെട്ടറി കെ എ ഷഫീഖ് സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. മാവോവാദി വേട്ടയുടെ പേരില്‍ കേരളത്തില്‍ നടന്നത് സര്‍ക്കാര്‍ സ്‌പോന്‍സേഡ് കൊലപാതകങ്ങളാണെന്നും യുഎപിഎ പോലുള്ള കരിനിയമങ്ങള്‍ ഉപയോഗിച്ചു ഈയിടെ നടന്ന അറസ്റ്റുകള്‍ സൂചിപ്പിക്കുന്നത് കേരള പോലിസില്‍ മുഖ്യമന്ത്രിക്ക് നിയന്ത്രണമില്ലെന്നും പോലിസ് നടപ്പിലാക്കുന്നത് സംഘപരിവാര്‍ അജണ്ടകളാണെന്നും അദ്ദേഹം പറഞ്ഞു .

വെല്‍ഫെയര്‍ കേരളയുടെ സേവന വിഭാഗമായ ടീം വെല്‍ഫെയരിന്റെ തീം അവതരണവും ഔദ്യോഗിക പ്രഖ്യാപനവും നടന്നു. തുച്ചവരുമാനക്കാരായ പ്രവാസികള്‍ക്ക് വ്യവസ്ഥാപിതമായ നിക്ഷേപ സൌകര്യമൊരുക്കുന്ന പ്രവാസി സഞ്ചയിക പദ്ധതിയുടെ ഫ്‌ലയര്‍ പ്രകാശനം സച്ചിദാനന്ദന്‍ നിര്‍വഹിച്ചു. സഞ്ചയിക ചെയര്‍മാന്‍ കെ അബ്ദുറഹ്മാന്‍ പദ്ധതി വിശദീകരിച്ചു. പ്രവാസികള്‍ക്കായുള്ള ഭവന നിര്‍മാണ പദ്ധതി വെല്‍ഫെയര്‍ ഹോമിന്റെ ഫ്‌ലയര്‍ പ്രകാശനം കെ എ ഷഫീഖ് നിര്‍വ്വഹിച്ചു.

വെല്‍ഫെയര്‍ കേരള കുവൈത്ത് വൈസ് പ്രസിഡന്റ് ഖലീല് റഹ്മാന്‍ പദ്ധതി പരിചയപ്പെടുത്തി. കേന്ദ്ര ജനറല്‍ സെക്രെട്ടറി ഗിരീഷ് വയനാട്, ട്രെഷറര്‍ വിഷ്ണു നടേശ് എന്നിവര്‍ അതിഥികള്‍ക്ക് ഉപഹാരം നല്‍കി ആദരിച്ചു . തെരഞ്ഞെടുക്കപ്പെട്ട പ്രവാസി വനിതാ സംരംഭകരെ മെമന്റോ നല്‍കി ആദരിച്ചു. മംഗഫ് നജാത്ത് സ്‌കൂളില്‍ ദേശീയ ഗാനത്തോടെ ആരംഭിച്ച സമ്മേളനത്തില്‍ വെല്‍ഫെയര്‍ കേരള കുവൈത്ത് പ്രസിഡന്റ് റസീന മുഹിയിദ്ദീന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രെട്ടറി അന്‍വര്‍ ഷാജി, അന്‍വര്‍ സയീദ് സംസാരിച്ചു.ആയിശ ഫൈസല്‍, ഫായിസ് അബ്ദുല്ല, അന്‍വര്‍ സാദത്ത്, റഫീഖ് ബാബു പരിപാടികള്‍ നിയന്ത്രിച്ചു.

Tags:    

Similar News