ബഹ്‌റയ്‌നില്‍ കനത്ത മഴ; താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട്

Update: 2026-03-26 10:19 GMT

മനാമ: ബഹ്‌റയ്‌നില്‍ ബുധനാഴ്ച പുലര്‍ച്ചെ പെയ്ത കനത്ത മഴയെ തുടര്‍ന്ന് രാജ്യത്തെ വിവിധ താഴ്ന്ന പ്രദേശങ്ങളില്‍ വ്യാപകമായ വെള്ളക്കെട്ട് രൂപപ്പെട്ടു. സാഹചര്യത്തെ നിയന്ത്രണവിധേയമാക്കുന്നതിനായി മുനിസിപ്പാലിറ്റികളുടെ നേതൃത്വത്തില്‍ അടിയന്തര നടപടി സ്വീകരിച്ചു. വടക്കന്‍, തെക്കന്‍, മുഹറഖ് മുനിസിപ്പാലിറ്റികള്‍ സംയുക്തമായി വിവിധ ബ്ലോക്കുകളില്‍ നിന്ന് വെള്ളം പമ്പ് ചെയ്ത് നീക്കുന്നതിനായി ടാങ്കറുകള്‍ വിന്യസിച്ചു. നഗരങ്ങളിലെ ഗതാഗത തടസ്സങ്ങള്‍ ഒഴിവാക്കാനും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുമാണ് ഈ നടപടികള്‍ കൈക്കൊണ്ടത്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുപ്രകാരം വരും ദിവസങ്ങളിലും കാലാവസ്ഥ അസ്ഥിരമായി തുടരുമെന്നാണ് സൂചന.

താപനില 22 മുതല്‍ 29 ഡിഗ്രി സെല്‍ഷ്യസ് വരെയായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. മണിക്കൂറില്‍ 18 നോട്ടിക്കല്‍ മൈല്‍ വേഗത്തില്‍ തെക്കുകിഴക്കന്‍ കാറ്റും, 35 നോട്ടിക്കല്‍ മൈല്‍ വരെ ശക്തമായ കാറ്റും അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. കാഴ്ചപരിധി കുറയാനുള്ള സാധ്യത കണക്കിലെടുത്ത് വാഹനമോടിക്കുന്നവര്‍ക്ക് അതീവ ജാഗ്രത നിര്‍ദേശിച്ചിട്ടുണ്ട്. ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ കാറ്റും (റൊട്ടേറ്റിംഗ് സ്‌റ്റോം) ഗോള്‍ഫ് ബോള്‍ വലിപ്പത്തിലുള്ള ആലിപ്പഴവര്‍ഷവും ഉണ്ടാകാമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. എന്നിരുന്നാലും, ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട ഔദ്യോഗിക മുന്നറിയിപ്പുകള്‍ ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല.

ഈ മാസം ബഹ്‌റയ്‌നില്‍ ലഭിച്ച മഴയുടെ അളവ് ഗണ്യമായി വര്‍ധിച്ചതായി അറേബ്യന്‍ ഗള്‍ഫ് സര്‍വകലാശാലയിലെ പ്രൊഫസര്‍ ഡോ. വസീബ് അല്‍ നാസര്‍ വ്യക്തമാക്കി. ഏകദേശം 62 മില്ലിമീറ്റര്‍ മഴയാണ് ഇതുവരെ രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് ഏകദേശം 2,200 കോടി ലിറ്റര്‍ വെള്ളത്തിന് തുല്യമാണെന്നും, രാജ്യത്തെ ശുദ്ധീകരണ പ്ലാന്റുകള്‍ 31 ദിവസത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന വെള്ളത്തിനോട് സാമ്യമുള്ളതാണെന്നും അദ്ദേഹം വിശദീകരിച്ചു. ഈ വലിയ തോതിലുള്ള മഴവെള്ളം ഭൂഗര്‍ഭ ജലസ്രോതസ്സുകള്‍ വര്‍ധിപ്പിക്കാന്‍ ഫലപ്രദമായി വിനിയോഗിക്കേണ്ടതുണ്ടെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

Tags: