ദുബയ്: യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ഇന്ന് പുലര്‍ച്ചെ മുതല്‍ ശക്തമായ മഴ തുടരുന്നതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കിഴക്കന്‍ മേഖലയില്‍ നിന്നുള്ള ന്യൂനമര്‍ദ്ദവും പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ നിന്നുള്ള ഉയര്‍ന്ന മര്‍ദ്ദവും തമ്മിലുള്ള സംവേദനമാണ് കാലാവസ്ഥയില്‍ പെട്ടെന്നുണ്ടായ മാറ്റത്തിന് കാരണമെന്നാണ് വിശദീകരണം. രാജ്യത്തിന്റെ കിഴക്കന്‍ തീരപ്രദേശങ്ങളിലും വടക്കന്‍ മേഖലകളിലും മിതമായതും ശക്തവുമായ മഴ പെയ്തു. ഫുജൈറയുടെ പല ഭാഗങ്ങളിലും ഇന്ന് രാവിലെ കനത്ത മഴ ലഭിച്ചു. അല്‍ അഖ പ്രദേശത്താണ് ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയത്.
വടക്കന്‍ മേഖലകളില്‍ താഴ്ന്ന മേഘാവരണം നിലനില്‍ക്കുന്നതിനാല്‍ ഇന്നും മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ന് രാത്രിയോടെയും നാളെ പുലര്‍ച്ചെയോടെയും കൂടി രാജ്യത്ത് ഈര്‍പ്പനിരക്ക് വര്‍ധിക്കാനിടയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. നാളെ പുലര്‍ച്ചെ 3.30 മുതല്‍ രാവിലെ 10 വരെ തീരദേശങ്ങളിലും ഉള്‍പ്രദേശങ്ങളിലും കനത്ത മൂടല്‍മഞ്ഞ് അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. മൂടല്‍മഞ്ഞ് കാരണം കാഴ്ചപരിധി കുറയാനിടയുള്ളതിനാല്‍ വാഹനമോടിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.
നേരിയതോ മിതമായതോ ആയ കാറ്റ് വീശാന്‍ സാധ്യതയുണ്ടെങ്കിലും ചില സമയങ്ങളില്‍ കാറ്റിന്റെ വേഗത വര്‍ധിക്കാമെന്നും റിപോര്‍ട്ടില്‍ പറയുന്നു. അറേബ്യന്‍ ഗള്‍ഫിലും ഒമാന്‍ കടലിലും കടല്‍ പൊതുവേ ശാന്തമായിരിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. മോശം കാലാവസ്ഥയെ തുടര്‍ന്ന് യാത്രകളില്‍ ജാഗ്രത പുലര്‍ത്തണമെന്നും ട്രാഫിക് സംബന്ധിച്ച ഔദ്യോഗിക നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ദുബയ് പോലിസ് ഉള്‍പ്പെടെയുള്ള സുരക്ഷാ വിഭാഗങ്ങള്‍ മുന്നറിയിപ്പ് നല്‍കി.
